യൂറോപ്യന്‍ മേഖലയില്‍ ഭക്ഷണ വിതരണ ആപ്പും ഓൺലൈൻ ഗെയിമുകളും പൊണ്ണത്തടി വര്‍ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ അമിതവണ്ണത്തെ തടയാന്‍ യൂറോപ്യന്‍ രാജ്യങ്ങൾക്ക് കഴിയില്ലെന്നും ഡബ്ല്യുഎച്ച്ഒ യൂറോപ്യന്‍ റീജനല്‍ ഒബേസിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകളെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഭക്ഷണക്രമം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കാനും സാധിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആപ്പുകൾ വഴി കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഫുഡ് കഴിക്കുന്നത് വർധിച്ചിട്ടുണ്ട്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തെ അപേക്ഷിച്ച് ഹോട്ടലില്‍നിന്ന് പാഴ്സല്‍ വാങ്ങുന്ന ഭക്ഷണത്തില്‍ ശരാശരി പ്രതിദിനം 200 കാലറി കൂടുതല്‍ അടങ്ങിയിരിക്കുന്നതായി ഗവേഷണങ്ങള്‍ പറയുന്നു.
മുതിര്‍ന്നവരില്‍ 60 ശതമാനവും കുട്ടികളില്‍ മൂന്നിലൊന്നും അമിതവണ്ണമുള്ളവരാണ്. കോവിഡ് ഈ സ്ഥിതി വഷളാകാൻ കാരണമായെന്നും വിദഗ്ദർ ചൂണ്ടികാണിക്കുന്നു. അമിതവണ്ണമുള്ള മുതിര്‍ന്നവരുടെ എണ്ണത്തിൽ അമേരിക്ക യൂറോപ്പിനെക്കാള്‍ മുന്നിലാണ്. പ്രതിവര്‍ഷം 12 ലക്ഷം മരണങ്ങള്‍ക്ക് അമിതവണ്ണം കാരണമാകുന്നുണ്ട്. അതിൽ സംഭവിക്കുന്ന ആകെ മരണങ്ങളുടെ 13 ശതമാനം ജീവിതശൈലി കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അമിതവണ്ണം കാരണം ഓരോ വര്‍ഷവും രണ്ട് ലക്ഷം പുതിയ അര്‍ബുദ രോഗികള്‍ ഉണ്ടാക്കുന്നു.പതിമൂന്ന് തരം അര്‍ബുദങ്ങള്‍, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയുടെ സാധ്യത ഗണ്യമായി വര്‍ധിപ്പിക്കാൻ ശരീരത്തിലെ അമിതമായ കൊഴുപ്പ് കാരണമാകുന്നുണ്ട് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഭക്ഷണ വിതരണ ആപ്പുകള്‍ ഇതിന് മുഖ്യ പങ്ക് വഹിക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.