കേരളത്തിൽ ഇപ്പോൾ ഭക്ഷ്യവിഷബാധ വ്യാപകമാവുകയാണ്. ബാക്ടീരിയകളുടെ പ്രവർത്തനം കാരണം ഭക്ഷണത്തിൽ കലരുന്ന വിഷവസ്തുക്കൾ ഒരാളുടെ ജീവനെടുക്കാൻ പോലും കാരണമാകുന്നുണ്ട്. 2012 ജൂലായ് 13 ന് ‘ഷവർമ” കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് സച്ചിൻ മാത്യു (21) എന്ന യുവാവ് മരിച്ചിരുന്നു. വഴുതയ്ക്കാട്ടെ ഹോട്ടലുടമയ്ക്കെതിരെ കേസെടുക്കുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തെങ്കിലും പിന്നീട് എന്ത് സംഭവിച്ചെന്ന് ആരും അന്വേഷിച്ചില്ല. സച്ചിൻ മാത്യുവിന്റെ മാതാപിതാക്കൾ ഇന്നും മകന്റെ മരണത്തിൽ നീതിതേടി നിയമപ്പോരാട്ടത്തിലാണ്.
10 വർഷങ്ങൾക്ക് ശേഷം സമാനമായ സംഭവം കാസർകോട് ചെറുവത്തൂരിലുമുണ്ടായി. ഇവിടത്തെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച ദേവനന്ദ എന്ന 16 കാരിയാണ് മരിച്ചത്. 31 പേർ ഭക്ഷ്യവിഷ ബാധയേറ്റ് ആശുപത്രിയിലുമായി. ഭക്ഷ്യസുരക്ഷാ അധികൃതരും പൊലീസുമെത്തി കടഅടച്ചുപൂട്ടുകയും മൂന്നുപേരെ അറസ്റ്റ് ചെയ്ത് റിമാഡിലാക്കുകയും ചെയ്തു. കടയുടമ കുഞ്ഞഹമ്മദ് ഗൾഫിലാണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.
ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്ന ബാക്‌ടീരിയകൾ പലതരമുണ്ടെങ്കിലും ഇവയിൽ ഏറ്റവും അപകടം ക്ളോസ്ട്രീഡിയം ബോട്ടുലിനം ആണ്. വായു കടക്കാത്ത ബോട്ടിലുകളിലും ടിന്നുകളിലും ഒക്കെ അടച്ചുവരുന്ന ഭക്ഷണസാധനങ്ങളിൽ പ്രത്യേകിച്ചും അവ പഴകുന്നത് മൂലമുണ്ടാകുന്ന ബാക്ടീരിയയാണിത്. ഇതുണ്ടാക്കുന്ന വിഷവസ്തു കൂടിയ അളവിൽ ഭക്ഷണത്തിൽ കലരുകയും കഴിക്കുന്ന ആളിന്റെ നാഡീഞരമ്പുകളെ ബാധിക്കുകയും ചെയ്യുന്നു. അവയ്‌ക്ക് ആളുകളെ കൊന്നാെടുക്കാനുള്ള ശേഷിയുണ്ട്. ഈ ബാക്‌ടീരിയ ഉണ്ടാക്കുന്ന മാരകമായ രോഗമാണ് ബോട്ടുലിസം.
നമ്മുടെ നാട്ടിൽ ബോട്ടുലിസം പോലെയുള്ള പ്രശ്നങ്ങൾ വളരെ കൂടുതലായി കാണാറില്ല. ടിന്നിൽ അടച്ചുവരുന്ന മൃഗജന്യ ഭക്ഷ്യവസ്തുക്കൾ നമ്മൾ കൂടുതലായി ഉപയോഗിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. അതേസമയം മറ്റനവധി ഭക്ഷ്യവിഷബാധകളുണ്ട്. ശരീരത്തിൽ വിഷംകലർത്തുന്ന ബാക്‌ടീരിയഭക്ഷണം വിഷലിപ്തമാക്കുന്നെന്ന് മാത്രമല്ല, ചില സമയങ്ങളിൽ ഈ ബാക്ടീരിയകൾ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിനുള്ളിൽ കടന്നുകൂടുന്നു. ഇവ ആമാശത്തിന്റെയും കുടലിന്റെയും ഒക്കെ ഭാഗങ്ങളിൽ പെരുകുന്നത് ശരീരത്തിനുള്ളിൽ വിഷവസ്തുക്കൾ രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കാം. കേരളത്തിന്റെ സാഹചര്യത്തിൽ സ്‌റ്റഫൈലോകോക്കസ് ഓറിയസ് എന്ന വിഭാഗത്തിൽ പെടുന്ന ബാക്ടീരിയയും സാൽമൊണല്ല വിഭാഗത്തിൽ പെടുന്ന ബാക്ടീരിയയുമാണ് ഭക്ഷ്യവിഷബാധയിലെ പ്രധാന വില്ലന്മാർ.
സ്‌റ്റഫൈലോകോക്കസ് കാരണമുണ്ടാകുന്ന ഭക്ഷ്യവിഷബാധകൾ ഏറ്റവും ഗുരുതരമാണ്. എന്നാൽ ഇവിടെ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സാൽമൊണല്ല കാരണമുള്ള ഭക്ഷ്യവിഷബാധയാണ്. അടുത്തിടെ ആളുകളെ കൂടുതൽ അപകടത്തിൽപ്പെടുത്തിയത് സ്‌റ്റഫൈലോകോക്കസ് വിഭാഗത്തിൽ പെടുന്ന ബാക്ടീരിയ ആകാനാണ് സാധ്യത.അപകടകാരിസ്‌റ്റഫൈലോകോക്കസ് ബാക്‌ടീരിയയുടെ പുറംഭിത്തിയിൽ എക്സോടോക്‌സിനുകൾ എന്നറിയപ്പെടുന്ന വിഷവസ്‌തുക്കളുണ്ട്. ബാക്ടീരിയയുടെ അളവ് കൂടുമ്പോൾ സ്വാഭാവികമായും വിഷവസ്തുവിന്റെ അളവും കൂടും. സ്‌റ്റഫൈലോകോക്കസ് ബാക്ടീരിയ അടങ്ങിയ ഒരു ഭക്ഷ്യവസ്തു നന്നായി ചൂടാക്കി ബാക്‌ടീരിയയെ നശിപ്പിച്ചശേഷം കഴിച്ചാലും ഭീഷണി ഇല്ലാതാകുന്നില്ല. കാരണം ബാക്‌ടീരിയ ഉത്പാദിപ്പിച്ച വിഷവസ്തു ബാക്ടീരിയയ്‌ക്കൊപ്പം നശിക്കുന്നില്ല. അങ്ങനെ ചൂടായ ശേഷവും ഈ ഭക്ഷണം വിഷബാധയുണ്ടാകുന്നു.
ഓർക്കുക, പഴകിയതോ മലിനമായതോ ആയ ഭക്ഷണം ചൂടാക്കിയത് കൊണ്ട് സുരക്ഷതമാകുന്നില്ല. പാകം ചെയ്‌ത് സൂക്ഷിച്ച് വച്ചിരിക്കുന്ന ഭക്ഷണവും പിന്നീട് ബാക്ടീരിയ പെരുകി വിഷലിപ്‌തമാകാനുള്ള സാധ്യത ഏറെയാണ്. ഈ ബാക്‌ടീരിയയ്‌ക്ക് ജന്തുജന്യ വസ്തുക്കളോട് പ്രതിപത്തി കൂടുതലുണ്ട്. അതിനാൽ ജന്തുജന്യ ഭക്ഷ്യസാധനങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. ബാക്‌ടീരിയയുടെ സാന്നിദ്ധ്യമുള്ള ജന്തുജന്യ ആഹാരം കഴിക്കുന്നയാളുടെ ജീവനെടുത്തേക്കാം. ബാക്ടീരിയകളുടെ പ്രഭവസ്ഥാനം മനുഷ്യരിൽ നിന്നാകാനാണ് സാധ്യത. സ്‌റ്റഫൈലോകോക്കസ് വിഭാഗത്തിൽ പെടുന്ന ബാക്ടീരിയകൾ മനുഷ്യരുടെ കൈകളിലുണ്ടാകാം. മൂക്ക് പോലെയുള്ള ഭാഗങ്ങളിൽ ഇവയുടെ കോളനികൾ പോലും ഉണ്ടാവാം. ശരീരത്തിൽ വ്രണങ്ങൾ ഉണ്ടെങ്കിലും ഇത്തരം ബാക്ടീരിയ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പശുവിന് അകിട് വീക്കമുണ്ടെങ്കിൽ പാലിലും സ്‌റ്റഫൈലോകോക്കസിന്റെ സാന്നിദ്ധ്യം കാണാറുണ്ട്.
ശുചിത്വം പാലിക്കുകയാണ് പ്രധാനം. കൈകൾകൊണ്ട് സ്പർശിക്കുന്ന അവസരത്തിൽ നിയന്ത്രിതമായ അളവിലെങ്കിലും രോഗാണുക്കൾ ഭക്ഷണത്തിൽ എത്തിപ്പെടാനുള്ള സാദ്ധ്യതയുണ്ട്. പിന്നീട് ഈ ഭക്ഷണം പഴകുന്നതനുസരിച്ച് ബാക്ടീരിയകൾ എണ്ണത്തിൽ പെരുകും. വിഷവസ്തുക്കൾ കൂടുതലായി ഭക്ഷണത്തിൽ കലരുകയും ചെയ്യും. അതിനാൽ ഭക്ഷണം പാകം ചെയ്‌തശേഷം കഴിക്കുന്നയാളല്ലാതെ മറ്റൊരാൾ ഭക്ഷണത്തിൽ കൈകൊണ്ട് തൊടരുത്. ആഹാരത്തിന് മുൻപ് കൈകൾ നന്നായി കഴുകുക. പഴകിയ ഭക്ഷണം ഉപയോഗിക്കുന്നത് മാത്രമല്ല, ഭക്ഷണം പാകംചെയ്‌ത ശേഷം ദീർഘനേരത്തിന് ശേഷം കഴിക്കുന്നതും രോഗാണുക്കളെ ക്ഷണിച്ചുവരുത്തും. വിശ്വാസയോഗ്യമായതും വൃത്തിയുള്ളതുമായ ഹോട്ടലുകൾ തിരഞ്ഞെടുക്കാം. പാഴ്‌സൽ വാങ്ങിയ ഭക്ഷണം അപ്പോൾത്തന്നെ ഉപയോഗിക്കുക. ഹോട്ടലുകളുടെ ശ്രദ്ധയ്‌ക്ക്നിലവിലെ ഭക്ഷ്യസുരക്ഷാനിയമം അനുസരിച്ച് വില്പനയ്‌ക്കായി പാകപ്പെടുത്തിയ ഒരു ഭക്ഷണസാധനവും ഫ്രിഡ്ജിലോ മറ്റേതെങ്കിലും സ്ഥലത്തോ സൂക്ഷിച്ച് പിന്നീടുപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
തലേദിവസം പാകപ്പെടുത്തിയ ഭക്ഷണസാധനങ്ങൾ ഒരു കാരണവശാലും പിറ്റേന്നത്തേക്ക് സൂക്ഷിക്കരുത്. ഒരുതവണ മലിനമാക്കപ്പെട്ട ഭക്ഷ്യവസ്തു ഫ്രിഡ്‌ജിൽ വച്ചതുകൊണ്ട് ബാക്ടീരിയകൾ നശിക്കില്ല. അവ പെറ്റുപെരുകുന്നതിന്റെ വേഗത കുറയുമെന്ന് മാത്രമേയുള്ളൂ. രാവിലെ നമ്മൾ തയാറാക്കുന്ന ഭക്ഷ്യവസ്‌തുക്കൾ പലപ്രാവശ്യം കൈകാര്യം ചെയ്യുമ്പോൾ, കൈകൊണ്ട് മലീമസമാകാനുള്ള സാദ്ധ്യതയുണ്ട്, മറ്റൊന്ന് തവി, സ്‌പൂൺ എന്നീ വസ്‌തുക്കൾ പലപ്രാവശ്യം ഉപയോഗിക്കുമ്പോൾത്തന്ന മലിനമായേക്കാം. ചെറിയ അളവിൽ ഭക്ഷണത്തിലെത്തുന്ന ബാക്ടീരിയ വൈകുന്നേരമാകുമ്പോഴേക്ക് പെറ്റുപെരുകും. ഇത് മാറ്റിവച്ച് പിറ്റേന്ന് ഉപയോഗിക്കുമ്പോഴേക്ക് അത്യന്തം വിഷലിപ്‌തമായിട്ടുണ്ടാകും. നമ്മുടെ നാട്ടിലെ കാലാവസ്‌ഥയും ബാക്‌ടീരിയകളുടെ വർദ്ധനവിനെ സഹായിക്കുന്നു. ഹോട്ട് ഹ്യുമിഡ് അഥവാ ചൂടുള്ള ജലബാഷ്‌പം ഏറെയുള്ള കാലാവസ്ഥയിൽ ഇത്തരം ബാക്ടീരിയകൾ പെരുകാനുള്ള സാദ്ധ്യത കൂടുതലാണ്.
ഭക്ഷ്യവിഷബാധയേറ്റാൽഭക്ഷ്യവിഷബാധയുടെ ലക്ഷണം കണ്ടാൽ അടിയന്തരമായി വൈദ്യസഹായം തേടണം. സ്‌റ്റഫൈലോകോക്കസ് വിഷബാധയാണ് വേഗത്തിൽ പ്രകടമാകുന്നത്. അതുപോലും രണ്ട് മുതൽ എട്ട് മണിക്കൂർ വരെ കഴിഞ്ഞാവും പ്രകടമാവുക. വയറിളക്കം, ഛർദ്ദി, പനി, കാലിന്റെ മസിൽ പിടിക്കുക എന്നീ ലക്ഷണങ്ങളാണുണ്ടാവുക. സാൽമൊണല്ല കാരണമുള്ള വിഷബാധ ചിലപ്പോൾ പിറ്റേ ദിവസമാകും ലക്ഷണങ്ങൾ പ്രകടിപ്പിക്കുക. ചിലപ്പോൾ മൂന്നാമത്തെ ദിവസമാകും രോഗലക്ഷണം കാണിക്കുക.അതുകൊണ്ട് തന്നെ തൊട്ടുമുൻപ് കഴിച്ച ഭക്ഷണമാവില്ല വിഷബാധയിലേക്ക് നയിച്ചിട്ടുണ്ടാവുക. ഒരുപക്ഷേ തലേദിവസം കഴിച്ച ഭക്ഷണമാകാം. എന്തായാലും അടിയന്തരമായി വൈദ്യസഹായം തേടണം.നല്ല ഭക്ഷണം വില്‌ക്കുന്നു എന്ന കാര്യത്തിൽ ഹോട്ടലുകളും നല്ല ഭക്ഷണം കഴിക്കുന്നു എന്ന കാര്യത്തിൽ പൊതുജനങ്ങളും നല്ല ഭക്ഷണം വില്‌ക്കുന്ന എന്ന കാര്യം ഉറപ്പാക്കുന്ന നിയമം നടപ്പാക്കുന്നതിൽ സർക്കാരും ജാഗ്രത പുലർത്തണം.