കേരളത്തിന്റെ രാഷ്ട്രീയഭൂമികയിൽ കൊടുങ്കാറ്റുയർത്തിയ ടി.പി. ചന്ദ്രശേഖരൻ വധത്തിന് ഇന്ന് ഒരു പതിറ്റാണ്ട്. സിപിഎമ്മിനെ ഏറെക്കാലം പ്രതിരോധത്തിലാഴ്ത്തിയ സംഭവത്തിന്റെ അലയൊലികൾ പത്തുവർഷത്തിനുശേഷവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ വിജയംതന്നെ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉരുക്കുകോട്ടയായിരുന്ന വടകര പാർലമെന്റ് മണ്ഡലത്തിൽ ആർ.എം.പി. രൂപവത്കരിച്ചശേഷം ഇതുവരെ വിജയിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല.
2012 മേയ് 4, രാത്രി 10 മണി… സിപിഎം വിട്ട് റവല്യൂഷനറി മാർക്‌സിസ്റ്റ് പാർട്ടി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരൻ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. കോഴിക്കോട് വടകര വള്ളിക്കാട് വച്ചാണ് കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുന്നത്. വെട്ടേറ്റ് 51 മുറിവുകളാണ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നത്. ടി.പിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഒഞ്ചിയത്തെ വീട്ടിലെത്തിയ വിഎസ് അച്യുതാനന്ദൻ, ടിപിയെ ധീരനായ കമ്മ്യൂണിസ്റ്റെന്ന് വിശേഷിപ്പിച്ചാണ് രാഷ്ട്രീയ കൊലപാതകത്തോടുള്ള നിലപാട് വ്യക്തമാക്കിയത്.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കീഴിലുണ്ടായിരുന്ന ആഭ്യന്തര വകുപ്പ് പ്രത്യേക സംഘത്തെ തന്നെ അന്വേഷണത്തിനായി നിയോഗിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് പ്രതികളെ പിടികൂടി. കൊടി സുനിയും സംഘവും ഒളിച്ചിരുന്ന കണ്ണൂർ മുടക്കോഴി മലയിലും അന്വേഷണ സംഘമെത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ പിടിയിലായതോടെ അന്വേഷണം ഗൂഢാലോചനയിലേക്ക് നീങ്ങി. ഇതോടെ ആരോപണ സ്ഥാനത്തുണ്ടായിരുന്ന സിപിഎം കൂടുതൽ പ്രതിസന്ധിയിലായി.
രാഷ്ട്രീയ കൊലപാതക കേസുകളിൽ കേരളം ഇന്നേ വരെ കാണാത്ത രീതിയിൽ നടന്ന അന്വേഷണങ്ങൾക്കൊടുവിൽ 76 പേരാണ് കസ്റ്റഡിയിലായത്. സിപിഎം നേതാക്കളായ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ, കെ.കെ.രാഗേഷ് തുടങ്ങിയവരും പ്രതിപ്പട്ടികയിലുൾപ്പെട്ടു. ഇടക്കാല വിധിയിലൂടെ വിചാരണക്കോടതി കെ.കെ.രാഗേഷിനെ വെറുതെവിട്ടു. 2014 ജനുവരി 22നാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പ്രസ്താവിച്ചത്. 11 പേരെ ജീവപര്യന്തം തടവിനും ഒരാളെ 3 വർഷം തടവിനും ശിക്ഷിച്ചു. പി.മോഹനനെ വെറുതെ വിടുകയും ചെയ്തു.
സിപിഎം മുൻ പാനൂർ ഏരിയ കമ്മിറ്റിയംഗം പി.കെ.കുഞ്ഞനന്ദൻ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂൺ 11ന് മരിച്ചു. ഒരാൾ ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിൽ വിട്ടു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൊടി സുനി ഒഴികെയുള്ള പ്രതികൾക്ക് പരോൾ നൽകിയിരുന്നു. ഈ പരോൾ നീട്ടണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി തള്ളിയത്. വിചാരണക്കോടതി വിധിക്കെതിരായ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. എന്നാൽ അന്നു പ്രതിഭാഗത്തായിരുന്നവരെല്ലാം ഇന്ന് കൂട്ടത്തോടെ സർക്കാരിന്റെ ഭാഗമായതോടെ കേസ് നടത്തിപ്പിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് ആർഎംപി.
വടകര മേഖലയിലെ ഏതാനും പഞ്ചായത്തുകളിൽ മാത്രം ഒതുങ്ങി നിന്ന ആർഎംപി എന്ന പാർട്ടി ടി.പി.വധത്തോടെ മറ്റിടങ്ങളിലേക്കും വളരാൻ ശ്രമം നടത്തി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ കെ.കെ.രമ വടകര പിടിച്ചെടുത്ത് എൽ ഡി എഫിന് തിരിച്ചടിയും നൽകി.
പത്തുവർഷംകൊണ്ട് അക്രമരാഷ്ട്രീയത്തിനും കൊലപാതകങ്ങൾക്കുമെതിരേ പ്രതിരോധത്തിന്റെ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചെന്നാണ് ആർ.എം.പി.ഐ. വിലയിരുത്തൽ. ടി.പി.യുടെ കൊലപാതകത്തിൽ നിന്നുകൊണ്ടുതന്നെ ശക്തമായ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാൻ ആർ.എം.പി.ക്ക് സാധിച്ചെന്ന് സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. ടി.പി.യുടെ വധത്തിനുശേഷമാണ് ദേശീയപാർട്ടി രൂപവത്കരിക്കാനുള്ള ശ്രമം തുടങ്ങിയത്. 2017-ൽ പഞ്ചാബിൽ ദേശീയപാർട്ടി പ്രഖ്യാപനം നടത്തി. ഇതിനുശേഷമാണ് ആർ.എം.പി.ഐ. ആയത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും നേട്ടമുണ്ടാക്കാനായി. ഒഞ്ചിയം പഞ്ചായത്ത് തുടർച്ചയായ മൂന്നാം തവണയും ഭരിക്കുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി ചേർന്ന് ഏറാമല പഞ്ചായത്തിലെ ഭരണവും പിടിച്ചു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച് കെ.കെ. രമ വടകര മണ്ഡലം പിടിച്ചു. ആർ.എം.പി.ഐ.ക്ക് നിലവിൽ നാല് സഹകരണ സ്ഥാപനങ്ങളുമുണ്ട്. ഓർക്കാട്ടേരിയിൽ ടി.പി. ഭവൻ നിർമിച്ച് പാർട്ടിക്ക് ആസ്ഥാനമുണ്ടാക്കി. ടി.പി. വെട്ടേറ്റുവീണ വള്ളിക്കാട് സ്മൃതികുടീരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ടി.പി.യുടെ പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റും പ്രവർത്തിക്കുന്നു.
അതേസമയം, ആർ.എം.പി.ഐ. ശോഷിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ വാദം. പത്താംരക്തസാക്ഷിത്വ അനുസ്മരണസമ്മേളനത്തിലൂടെ ഇതിന് മറുപടി നൽകാനൊരുങ്ങുകയാണ് ആർ.എം.പി. ബുധനാഴ്ചയാണ് അനുസ്മരണറാലിയും സമ്മേളനവും . ടി.പി. വധക്കേസിൽ വിചാരണക്കോടതി വെറുതേവിട്ട സി.പി.എം. നേതാക്കൾ ഉൾപ്പെടെയുള്ളവരെ ശിക്ഷിക്കുക, ജീവപര്യന്തം തടവുശിക്ഷ വിധിച്ചവർക്ക് വധശിക്ഷ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.കെ. രമ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
സർക്കാരും ഈ കേസിൽ അപ്പീൽ നൽകി. വെറുതേ വിടണമെന്ന പ്രതിഭാഗത്തിന്റെ അപ്പീലും കോടതിമുമ്പാകെയുണ്ട്. അപ്പീലുകൾ ഉടൻ പരിഗണിക്കുമെന്നാണ് വിവരം. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന സി.കെ. ശ്രീധരൻ ആരോഗ്യകാരണങ്ങളാൽ പിന്മാറിയതോടെ പകരമായി കേരളത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇത് സർക്കാർ തള്ളിയതോടെ കെ.പി. കുമാരൻകുട്ടിയുടെ പേര് നിർദേശിച്ചു. ഇത് അംഗീകരിച്ചു.