തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭ മണ്ഡലത്തിൽ അന്തരിച്ച എം.എൽ.എ പി.ടി. തോമസിൻറെ ഭാര്യ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാർഥിയാകും. സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയായി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഒറ്റപ്പേരിൽ ധാരണയായെന്നും തീരുമാനം ഹൈകമാൻഡിനെ അറിയിച്ചതായും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
പി.ടി. തോമസിൻറെ നിര്യാണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിൻറെ ഭാര്യയെ തന്നെ സ്ഥാനാർഥിയാക്കുന്നതിലൂടെ പി.ടി. തോമസിനുണ്ടായിരുന്ന ജനപിന്തുണ സ്ഥാനാർഥിക്ക് ഉറപ്പിക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
മേയ് 31നാണ് തൃക്കാക്കര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് നടക്കുക. മേയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാനം പുറപ്പെടുവിക്കും. മേയ് 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മേയ് 16 വരെ നാമനിർദേശ പത്രിക പിൻവലിക്കാം. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ.
മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് എന്നിവരെ മണ്ഡലത്തിൻറെ ചുമതലയേൽപ്പിച്ച് മുന്നണി തെരഞ്ഞെടുപ്പിന് ഒരുങ്ങിയിട്ടുണ്ട്. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും തൃക്കാക്കര യു.ഡി.എഫിനെ കൈവിട്ടിരുന്നില്ല. പി.ടി. തോമസ് 14,329 വോട്ടിൻറെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. യു.ഡി.എഫിന് 43.82 ഉം എൽ.ഡി.എഫിന് 33.32 ഉം ആയിരുന്നു വോട്ട് ശതമാനം.

















