തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഏപ്രിൽ മാസത്തെ ശമ്പളവും വൈകുമെന്ന് റിപ്പോർട്ടുകൾ. സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ അനുവദിച്ചിട്ടുള്ളു. ഈ മാസം അഞ്ചാം തിയതി ശമ്പളം ലഭിച്ചില്ലെങ്കിൽ അതേ ദിവസം അർധരാത്രി മുതൽ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസത്തെക്കാൾ കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി വളരെ രൂക്ഷമാണ്. വായ്പാ തിരിച്ചടവിനും മറ്റു ആവശ്യങ്ങൾക്കും വരുമാനത്തെയാണ് ആശ്രയിക്കുന്നതിനാൽ ശമ്പളം നൽകാൻ ബാക്കി കാണില്ല. ബാങ്ക് ഓവർ ഡ്രാഫ്റ്റ് 45 കോടിയെടുത്ത് കഴിഞ്ഞ പ്രാവിശ്യം ശമ്പളം നൽകിയതിനാൽ ആ വഴിയും അടഞ്ഞു. ഏപ്രിലിലെ ശമ്പളത്തിനായി ആവശ്യപ്പെട്ട തുക മുഴുവൻ അനുവദിക്കാൻ ധനവകുപ്പിനോട് വീണ്ടും അഭ്യർത്ഥിച്ചിട്ടുണ്ട്. 82 കോടിയാണ് ശമ്പളത്തിന് വേണ്ടത്. സഹകരണ സൊസൈറ്റി വഴി വായ്പ തരപ്പെടുത്താനുള്ള ആലോചനയുണ്ടെങ്കിലും അതിനും കാലതാമസമെടുക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

















