സന്തോഷത്തിന്റെയും ആഹ്ളാദത്തിന്റെയും പൊൻസുദിനമാണ് ഈദുൽ ഫിത്തർ. നീണ്ട ഒരുമാസം ദൈവത്തിന് സമർപ്പിച്ചവനായിരുന്നു വിശ്വാസികൾ. ആ സമർപ്പണത്തിന്റെ വിജയാഘോഷമാണ് ഈദുൽഫിത്തർ. കഴിഞ്ഞ രണ്ടുവർഷവും ഈദ്ഗാഹ്കളിലേക്കും മസ്ജിദുകളിലേക്കും പോകാൻ വിശ്വാസികൾക്ക് കഴിഞ്ഞിരുന്നില്ല. വീടിനകത്ത് കുടുംബാംഗങ്ങളോടൊപ്പം ഈദ് നമസ്കാരം നിർവഹിച്ച് അവർ സംതൃപ്തരായി. എന്നാൽ ഇത്തവണ അങ്ങനെ അല്ല. ജനങ്ങളോട് ചേർന്നുനിന്ന് ഈദ് നമസ്കാരം നിർവഹിക്കാൻ കഴിയും. ഇതുതന്നെയാണ് ഈ പെരുന്നാൾ ദിനത്തിലെ ഏറ്റവും വലിയ സന്തോഷം.
ചേർന്ന് നിന്നാൽ മാത്രം പോരാ, മറ്റുള്ളവരെ ചേർത്തു നിറുത്താനും നമുക്ക് സാധിക്കണം. ഈദ് ദിനത്തിൽ ഒരാൾ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അതിനാണ് ഈദ് നമസ്കാരത്തിന് മുന്നോടിയായി ഫിത്തർ സക്കാത്ത് നിർവഹിക്കാൻ പ്രവാചകൻ നിർദ്ദേശിച്ചത്. റംസാനിലെ വീഴ്ചകൾ പരിഹരിക്കുന്നതും സക്കാത്തിലൂടെയാണ്. ’നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും’ (പ്രവാചക വചനം).
രണ്ട് വിവക്ഷകളാണ് ഈദ് എന്ന അറബി പദത്തിനുള്ളത്. ഒന്നാമത്തെ അർത്ഥം മടക്കം എന്നാണ്. റമദാനിലൂടെ ജീവിതശുദ്ധി നേടിയെടുത്ത വിശ്വാസികൾ അല്ലാഹുവിലേക്ക് മടങ്ങുകയാണ്. ഈദ് എന്ന പദത്തിന്റെ മറ്റൊരു വിവക്ഷ ആവർത്തിച്ച് വരുന്നത് എന്നാണ്. ഇത്തരം സന്തോഷ സുദിനങ്ങൾ ഭൂമിയിൽ ആവർത്തിച്ച് വരാൻ മനുഷ്യൻ കൊതിക്കുന്നു. അതിനാൽ ദൈവം അത് മതത്തിന്റെ ഭാഗമാക്കി. ഹിജ്റ ഒന്നാം വർഷത്തിലാണ് രണ്ട് പെരുന്നാളുകൾ നിയമമാക്കപ്പെടുന്നത്. പ്രവാചകൻ മദീനയിലേക്ക് പാലായനം ചെയ്തെത്തിയപ്പോൾ മദീനക്കാർക്ക് രണ്ട് ആഘോഷ ദിവസങ്ങൾ ഉണ്ടായിരുന്നു. അതിലവർ വ്യത്യസ്തങ്ങളായ വിനോദങ്ങളിലേർപ്പെടുകയും ഉല്ലസിക്കുകയും ചെയ്തിരുന്നു. പിന്നീട് ആ രണ്ട് ആഘോഷ ദിവസങ്ങൾക്കും പകരമായി ഈദുൽഫിത്തറും ഈദുൽ അദ്ഹയും നിശ്ചയിച്ച് കൊടുക്കുകയായിരുന്നു.
ദൈവം മനുഷ്യരെ ആത്മീയതയിൽ മാത്രം തളച്ചിടുന്നില്ല. ആത്മീയതയുടെ ആനന്ദം പോലെ ആഘോഷങ്ങളും അവൻ നിശ്ചയിച്ച് തന്നു. പ്രവാചകന്റെ വീട്ടിലേക്ക് ശിഷ്യൻ അബൂബക്കർ കടന്നുവരുമ്പോൾ കുട്ടികൾ പാട്ട് പാടുകയാണ്. പ്രവാചക ഭവനത്തിൽ പാട്ട് പാടുന്നതും ശബ്ദമുണ്ടാക്കുന്നതുമൊന്നും അബൂബക്കറിന് രുചിച്ചില്ല. അദ്ദേഹം ചോദിച്ചു: പ്രവാചകന്റെ ഭവനത്തിലാണോ നിങ്ങളുടെ പാട്ടും ബഹളവും? പ്രവാചകൻ പറഞ്ഞു: ’അബൂബക്കർ അവരെ വിട്ടേക്കുക, അവർ പാടട്ടെ. എല്ലാ വിഭാഗങ്ങൾക്കും അവരുടേതായ ആഘോഷദിനങ്ങളുണ്ട്. ഇന്ന് നമ്മുടെ ആഘോഷദിനമായ പെരുന്നാളാണ്.
കുളിയും സുഗന്ധലേപനവും പുതുവസ്ത്രധാരണവും നല്ല ഭക്ഷണം കഴിക്കലും പെരുന്നാൾ ദിനത്തിലെ സുകൃതങ്ങളായി കണക്കാക്കിയിരിക്കുന്നു. നല്ല വിനോദങ്ങളും തമാശകളുമൊക്കെ പെരുന്നാളിനാവാം. പുഞ്ചിരിയും നർമ്മബോധവും കൈമാറി മാനസിക പിരിമുറുക്കങ്ങളെ മറികടക്കാം. പ്രവാചകൻ ചിലപ്പോഴൊക്കെ നല്ല തമാശകൾ പറയാറുണ്ടായിരുന്നു. ഒരിക്കൽ വൃദ്ധയായ ഒരു സഹോദരിയോട് പറഞ്ഞു: വൃദ്ധകളൊന്നും സ്വർഗത്തിൽ പ്രവേശിക്കില്ല. വൃദ്ധ ഏറെ ദുഃഖിതയായി. പ്രവാചകൻ പറഞ്ഞു: വൃദ്ധകളായി ആരും സ്വർഗത്തിൽ പ്രവേശിക്കുകയില്ല. യുവതികളായിട്ടായിരിക്കും എല്ലാവരെയും സ്വർഗത്തിലേക്ക് കടത്തിവിടുക എന്നാണ് ഞാനുദ്ദേശിച്ചത്.
തക്ബീർ ധ്വനികളാണ് പെരുന്നാളിന്റെ മുദ്രാവാക്യം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിമന്ത്രങ്ങളാണ് പെരുന്നാളിൽ മുഴങ്ങുന്ന തക്ബീർ ധ്വനികൾ. ’അല്ലാഹു നിങ്ങളെ സന്മാർഗം നൽകി ആദരിച്ചതിന്റെ പേരിൽ നിങ്ങൾ അവന്റെ മഹത്വം അംഗീകരിച്ച് പ്രകീർത്തിക്കുക’ (ഖുർആൻ 2:185). അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുകയും അവനെ സ്തുതിക്കുകയുമാണ് വിശ്വാസികൾ ചെയ്യുന്നത്. ഭൂമിയിൽ പെയ്തിറങ്ങുന്ന ദൈവസങ്കീർത്തനങ്ങളിലൂടെ ഹൃദയത്തിന് ശാന്തിയും ഭൂമിയിൽ സമാധാനവും നിറയും. ’അറിയുക ദൈവസ്മരണയിലൂടെ മാത്രമാണ് ഹൃദയങ്ങൾക്ക് സമാധാനമുണ്ടാവുക” (ഖുർആൻ 13:28).
പെരുന്നാളിന്റെ ആത്മാവിനെ വർണിച്ചുകൊണ്ട് ഒരു പണ്ഡിതൻ പറഞ്ഞു: നിങ്ങളുടെ നാവുകൾ ദൈവത്തെ പ്രകീർത്തിക്കുന്നതുപോലെ നിങ്ങളുടെ ഹൃദയങ്ങളും അത് മുഴക്കിയിരുന്നെങ്കിൽ ചരിത്രത്തിന്റെ ഗതി മാറ്റാൻ നിങ്ങൾക്ക് സാധ്യമായേനെ! നിങ്ങൾ ഹസ്തദാനം ചെയ്യുന്നതുപോലെ സ്നേഹം ദാനം ചെയ്യാൻ സാധ്യമായെങ്കിൽ ശൈഥില്യവും ഭിന്നിപ്പും മനുഷ്യർക്കിടയിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞേനെ! നിങ്ങളുടെ ചുണ്ടുകൾ പുഞ്ചിരിക്കുന്നതുപോലെ മനസും പുഞ്ചിരിച്ചിരുന്നെങ്കിൽ നിങ്ങൾ സ്വർഗസ്ഥരായേനെ! അഴകുള്ള വസ്ത്രം അണിയുന്നതുപോലെ ഉൽകൃഷ്ട സ്വഭാവങ്ങൾ എടുത്തണിഞ്ഞിരുന്നെങ്കിൽ നിങ്ങൾ ലോകത്തെ ഏറ്റവും നല്ല ജനത ആയേനെ! സമാധാനം നഷ്ടപ്പെടുന്ന ലോകത്ത് ശാന്തിയുടെ സന്ദേശദൂതുമായി ഇനിയും ഒരുപാട് ശവ്വാൽ പിറവികളുണ്ടാവട്ടെ!