കൊല്ലം: ശാസ്താംകോട്ടയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം. ശാസ്താംകോട്ട പുന്നമൂട് പ്രവർത്തിക്കുന്ന ഫാത്തിമ ഹോട്ടൽ ഭക്ഷ്യസുരക്ഷ വിഭാഗം അടപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം.
ഭക്ഷണത്തിന്‍റെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, സംസ്ഥാനത്തെ ഹോട്ടലുകളിൽ പരിശോധന നടത്താന്‍ മന്ത്രി എം.വി ഗോവിന്ദന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട്ട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്താനാണ് നിര്‍ദേശം. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണം. മാംസാഹാരം വിൽക്കുന്ന കടകളിൽ പ്രത്യേക പരിശോധന വേണമെന്നും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ഉടൻ ലൈസൻസ് റദ്ദാക്കണമെന്നും നിര്‍ദേശമുണ്ട്.

















