വീണ്ടും ചർച്ചയാകുന്ന ഹേമ കമ്മീഷൻ; റിപ്പോർട്ട് റീലിസ് ആകുമ്പോൾ അറിയാം നായകനാര് വില്ലനാര്?

 നടൻ വിജയ് ബാബുവിനെതിരെ ഉണ്ടായിരിക്കുന്ന പീഡന ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ  ഹേമ കമ്മീഷനും മീടൂ ആരോപണവും വീണ്ടും ചർച്ചയാകുകയാണ്. മലയാള സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർധിക്കുന്നതായിട്ടാണ് അടുത്തിടെയായി പുറത്തുവന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ  വ്യക്തമാക്കുന്നത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെയുള്ള പ്രതിഷേധവും ശക്തമാകുകയാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂ സി സി ആവശ്യപ്പെട്ടതായി നിയമ മന്ത്രി പി രാജീവിന്റെ  വെളിപ്പെടുത്തൽ ഡബ്ല്യൂ സി സി തള്ളിയ സാഹചര്യമാണ് നിലവിൽ.വിജയ് ബാബുവിനെതിരെ മീ ടു ആരോപണം ഉയർന്ന സാഹചര്യത്തിൽ  സർക്കാരിന്റെ ഭാഗത്ത് നിന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ വീണ്ടുമൊരു  യോഗം വിളിച്ചിരിക്കുകയാണ്.അമ്മ, മാക്ട, ഫെഫ്ക, ഡബ്ള്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങി സിനിമാ മേഖലയിലെ മുഴുവൻ സംഘടനകളെയും സർക്കാർ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. 

എന്താണ് ഹേമ കമ്മീഷൻ?

രാജ്യത്ത് ആദ്യമായാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ഒരു സർക്കാർ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്.മലയാള സിനിമ രംഗത്തുള്ളവരോട് സംസാരിച്ച് സ്ത്രീകളുടെ തൊഴിലിടങ്ങളിലെ അവസ്ഥ,വേതനം, ,നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. 

2017 ജൂലൈയിൽ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷനാണ് ഹേമ കമ്മിഷന്‍. 2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‌ പിന്നാലെ രൂപീകരിച്ച വനിതാ കൂട്ടായ്മയായ ‘വിമൺ ഇൻ സിനിമ കളക്ടീവ്’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹേമ കമ്മീഷന്റെ രൂപീകരണം. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്താൻ ആണ് മുഖ്യമായും ഈ കമ്മീഷന്റെ ചുമതല. റിട്ടയേർഡ് ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ്‌ ഹേമ കമ്മിഷന്‍. 

ഇതനുസരിച്ച് ഏതാണ്ട് രണ്ടു വര്‍ഷത്തോളം സമയമെടുത്ത് 2019 ഡിസംബർ 31ന് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ 300 പേജുള്ള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. പിന്നാലെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി വിമൻ ഇൻ സിനിമാ കളക്ടീവ് രംഗത്ത് വന്നെങ്കിലും റിപ്പോർട്ട് വെളിപ്പെടുത്തുന്നതിനുപകരം കമ്മിഷന്റെ ശുപാർശകൾ പഠിക്കാൻ സർക്കാർ മറ്റൊരു കമ്മിറ്റി രൂപീകരിച്ചു.

 സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴിയാണ് കമ്മീഷന്‍ രേഖപ്പെടുത്തിയത്. റിപ്പോർട്ടിലെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന രേഖകളും സ്ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും സഹിതമാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. സിനിമാ മേഖലയിൽ പ്രവർത്തിച്ച ഒട്ടേറെ വനിതാ പ്രവർത്തകർ തങ്ങള്‍ക്ക് സെറ്റുകളിൽ നേരിടേണ്ടി വന്ന പൊതുവായ പ്രശ്നങ്ങളെയും പീഡനത്തെകുറിച്ചുമൊക്കെ കമ്മീഷനോട് പലരും തുറന്നു പറഞ്ഞു. എങ്കിലും ഭാവിയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്താൽ ഇത്തരം അനുഭവങ്ങൾ തുറന്നുപറയാന്‍ പലരും ഭയക്കുന്നതായും കമ്മീഷൻ മനസിലാക്കി. 

അവസരങ്ങൾക്കായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെടുന്ന ‘കാസ്റ്റിംഗ് കൗച്ച്’ സിനിമാ വ്യവസായത്തിനുള്ളിലുണ്ടെന്ന് കമ്മീഷന്‍റെ കണ്ടെത്തലുകളിലുണ്ടായിരുന്നു. സിനിമാ സെറ്റുകളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോ​ഗം വ്യാപകമാണെന്നും കമ്മിറ്റി കണ്ടെത്തി. ഇത്തരം വീഴ്ചകളെല്ലാം അന്വേഷിക്കാൻ ഒരു ട്രൈബ്യൂണൽ രൂപീകരികരിക്കുന്നതിനായി കമ്മിറ്റി ശുപാർശ ചെയ്തു.  ഹേമ കമ്മീഷനുവേണ്ടി സര്‍ക്കാര്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവിൽ ഒരുകോടി ആറുലക്ഷത്തി അൻപത്തിഅയ്യായിരം രൂപ ചെലവാക്കിയതായി അടുത്തിടെ പുറത്തുവന്ന വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷൻ അധ്യക്ഷയായിരുന്ന ജസ്റ്റിസ് ഹേമ പത്ത് തവണയായി ഒരുകോടി മൂന്ന് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി ഇരുനൂറ്റി അൻപത്തി നാല് രൂപ കൈപ്പറ്റിയതായും രേഖകളിലുണ്ട്.

ഹേമ കമ്മീഹൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടുന്നതോടെ മലയാളസിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും ആരോപിക്കപ്പെടുന്ന പലകാര്യങ്ങളുടെയും വാസ്തവം പുറത്തുവരും.