ചരിത്രത്തിലാദ്യമായി ‘ഇടത് ഭരണ തുടർച്ച ‘എന്ന നേട്ടം സ്വന്തമാക്കിയ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിട്ട് ഒരു വർഷം പിന്നിടുകയാണ്. വിമർശനങ്ങൾ കാറ്റിൽ പറത്തി സുസ്ഥിര വികസനമെന്ന കാഴ്ചപ്പാടിലേക്ക് നയിക്കുന്ന വികസന പ്രവർത്തനങ്ങളുമായി പിണറായി സർക്കാർ മുന്നോട്ടു നീങ്ങുകയാണ്. അഞ്ചുവർഷം നാട് അനുഭവിച്ചറിഞ്ഞ വികസനപ്രവർത്തനങ്ങളും ജനക്ഷേമവും തുടരാനും നവകേരളം കെട്ടിപ്പടുക്കാൻ ആവിഷ്‌കരിച്ച പദ്ധതികൾ ഫലപ്രാപ്‌തിയിലെത്തിക്കാനും പ്രാപ്‌തമായ കരുത്തുറ്റ നേതൃനിരയാണ് സർക്കാരിലുള്ളത്.
രാജ്യമാകെ തീവ്ര ഉദാരവത്കരണത്തിനും ആഗോളീകരണത്തിനും പിന്നാലെയാണ്. കേന്ദ്ര ഭരണകൂടത്തിന്റെ വർഗീയതെക്കെതിരെ തോറ്റു കൊടുക്കാതെ പോരാടുന്നു എന്നത് തന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അതിനു ചുക്കാൻ പിടിക്കുന്ന സർക്കാരിന്റെയും ഏറ്റവും വലിയ വിജയം. പിണറായിയുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ പലപ്പോഴും കൃത്യമായ ആസൂത്രണവും ദീര്‍ഘവീക്ഷണവും കൂടി ചേര്‍ന്നതാണ്.
കേരളത്തിൽ ആറ് വർഷമായി ഭരണാധികാരം നിയന്ത്രിക്കുന്നത് സി.പി.എമ്മിന്റെ പരമോന്നതസമിതിയായ പോളിറ്റ് ബ്യൂറോയിലെ മുതിർന്ന അംഗം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്. ഹരിതകേരളം, ലൈഫ് ഭവനപദ്ധതി, പൊതുമേഖലാ ശാക്തീകരണം പൊതുവിദ്യാലയങ്ങളുടെയും പൊതു ആരോഗ്യ സംവിധാനങ്ങളുടെയും ശാക്തീകരണം ,സ്ത്രീപക്ഷ രാഷ്ട്രീയം ,എന്നിങ്ങനെ മുന്നോട്ടുവച്ച ബദലുകൾ തീർച്ചയായും മാതൃക തന്നെയായിരുന്നു. ക്ഷേമരാഷ്ട്ര സങ്കല്പം മുന്നോട്ടുവച്ച് നടപ്പാക്കിയ ചില പദ്ധതികളായ ക്ഷേമപെൻഷനുകളും സാമൂഹ്യ അടുക്കളയും പോലെയുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ ദേശീയ ശ്രദ്ധ നേടി. വനിതാ ശാക്തീകരണത്തിനായി പ്രത്യേക വകുപ്പ് എന്ന് 2016 ലെ പ്രകടന പത്രികയിൽ എഴുതിവച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ യാഥാർത്ഥ്യമായിരുന്നു.
99 സീറ്റുകളുടെ തിളക്കത്തോടെ അധികാരമേറിയ സർക്കാർ അധികാരമേൽക്കുമ്പോൾ തന്നെ വിവാദമുയർത്തിയത് മന്ത്രിസഭാ രൂപീകരണമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഒഴികെ ആരെയും രണ്ടാം മന്ത്രിസഭയിൽ അംഗങ്ങളാക്കാൻ സി.പി.എമ്മും സി.പി.ഐയും തയാറായില്ല. ജനതാദൾ – എസും എൻ.സി.പിയും മാത്രമാണ് കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങൾക്ക് ഒരവസരം കൂടി നല്‌കിയത്. രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് മുൻ ആരോഗ്യമന്ത്രിയെ ഒഴിവാക്കിയതാണ് ഇടതുമുന്നണിയെ തുടക്കത്തിൽ വിവാദത്തിലാക്കിയത്.എന്നാൽ രണ്ടാം പിണറായി സർക്കാരിന്കൊവിഡ് വാക്സിനേഷന്റെ കാര്യത്തിൽ വലിയ നേട്ടമുണ്ടാക്കാനായി. മരം മുറി വിവാദവും ശബരിമല വിമാനത്താവളവും തുടങ്ങി കെ റെയിൽ വിവാദം വരെ എത്തിനിൽക്കുമ്പോൾ പരിസ്ഥിക്ക് അനുകൂലമല്ലാത്ത വികസന തീരുമാനങ്ങളുടെ പേരിലും സർക്കാർ പഴികേടൾക്കുന്നുണ്ട് . മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസ് വകുപ്പിന്റെ ചില വീഴ്ചകളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്ന പോരായ്മകൾ ആണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻകാലത്തെ അപേക്ഷിച്ച് ഉണ്ടായ വീഴ്ചകളും വെല്ലുവിളിയായി.രാഷ്ട്രീയപരമായതും സാമൂഹികപരമായതുമായ വിഷയങ്ങളിലും ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം പിണറായി സർക്കാർ പ്രതിസന്ധിയിൽ ആയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി രണ്ടാം പിണറായി സർക്കാർ നേരിടുന്നുടെങ്കിലും ക്ഷേമപെൻഷൻ പോലുള്ള ആനുകൂല്യവിതരണം തടസപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുന്നതും നേട്ടമാണ്.
ഇതുവരെയുള്ള വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും ഇനിയും തുടരാനും വർഗീയതക്കെതിരെ പോരാടി സമാധാന അന്തരീക്ഷം നിലനിർത്താനും രണ്ടാം പിണറായി സർക്കാരിന് കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം.