എറണാകുളം: ഇറച്ചി വെട്ടുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിലെ മുഖ്യ കണ്ണി ഷാബിൻ മുടക്കിയത് 65 ലക്ഷം രൂപ. വിവിധ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് ഷാബിനും സംഘവും സ്വർണം കടത്തിയെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഒരു കോടി 20 ലക്ഷത്തിന്റെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഷാബിനും സിറാജുദ്ദീൻ കെ പിയും മുഖ്യ സൂത്രധാരൻമാരെന്നും കസ്റ്റംസ് പറഞ്ഞു.
കേസിൽ രണ്ടാം പ്രതി ഷാബിൻ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് സിറാജുദ്ദീനും പിടി വീഴുന്നത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിൻ. കഴിഞ്ഞദിവസമാണ് കൊച്ചിയിൽ നിന്ന് ഷാബിനെ കസ്റ്റംസ് പിടികൂടിയത്.
ഈ മാസം 23നാണ് ദുബൈയിൽ നിന്ന് കാർഗോ വിമാനത്തിലെത്തിയ രണ്ടേ കാൽ കിലോ സ്വർണം കസ്റ്റംസ് ഇൻറലിജൻസ് പിടിച്ചെടുത്തത്. തൃക്കാക്കര തുരുത്തേൽ എൻറർപ്രൈസസിൻറെ പേരിലെത്തിയ ഇറച്ചിവെട്ട് യന്ത്രം തുറന്ന് പരിശോധിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കട്ടർ ഉപയോഗിച്ച് മുറിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. രണ്ടേകാൽ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വർണക്കട്ടികൾ ഒരു കോടിക്കു മുകളിൽ വിലവരും. പാർസൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.

















