കട്ടപ്പന: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മകളും മരിച്ചു. ഇടുക്കി പുറ്റടിയിൽ തിങ്കൾ പുലർച്ചെ ഒന്നോടെയാണ് തീകൊളുത്തിയത്.
വണ്ടൻമേട് പഞ്ചായത്തിലെ പുറ്റടി ഹോളിക്രോസ് കോളജിനു സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണു മരിച്ചത്. മകൾ ശ്രീധന്യ (18) പൊള്ളലേറ്റു ഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.
പുറ്റടി ഹോളി ക്രോസ്സ് കോളേജിന് സമീപമുള്ള വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ഉറങ്ങിക്കിടന്ന ഭാര്യ ഉഷയെ തീകൊളുത്തിയ ശേഷം രവീന്ദ്രന്‍ സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുറിയില്‍ തീ ആളിപ്പടര്‍ന്നതോടെയാണ് ശ്രീധന്യയ്ക്കും പൊള്ളലേറ്റത്. കുടുംബ പ്രശ്നങ്ങളാണ് രവീന്ദ്രന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ അണക്കരയിലെ പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ചു ലിറ്ററിന്റെ കറുത്ത പ്ലാസ്റ്റിക് ജാറില്‍ രവീന്ദ്രന്‍ പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുടുംബപ്രശ്നംമൂലമാണ് മുന്‍പ് താമസിച്ചിരുന്ന കടശ്ശിക്കടവില്‍നിന്ന് പുറ്റടി ഹോളിക്രോസ് കോളേജിന് സമീപത്തേക്ക് താമസം മാറിയത്. അണക്കരയില്‍ സോപ്പുപൊടിക്കട നടത്തുന്ന രവീന്ദ്രനെ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ വ്യാപാരമാന്ദ്യവും ബാധിച്ചിരുന്നു. ഇത് രവീന്ദ്രനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയെന്ന് അടുപ്പക്കാര്‍ പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് ശേഷമാണ് അയല്‍വാസികള്‍ രവീന്ദ്രന്റെ വീട്ടില്‍നിന്ന് വലിയ ശബ്ദത്തോടെ തീയാളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയപ്പോള്‍ മകള്‍ ശ്രീധന്യ പൊള്ളിയടര്‍ന്ന ശരീരവുമായി അലറിവിളിച്ച് വീടിന് പുറത്തേക്ക് വരുന്ന കാഴ്ചയാണ് കണ്ടത്. ശ്രീധന്യ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളം നല്‍കുകയും തുടര്‍ന്ന് വീട്ടിലെ തീകെടുത്തുകയും ചെയ്തു.
ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അവശയായി വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ശ്രീധന്യ. അമ്മയെ രക്ഷിക്കണമെന്ന മകളുടെ കരച്ചിൽകേട്ട് അയൽക്കാർ വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചെങ്കിലും തീ പടർന്നതിനാൽ സാധിച്ചില്ല. രവീന്ദ്രനും ഉഷയും മരിച്ച നിലയിലായിരുന്നു.

















