തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവാണ് നിലവിൽ ഇപ്പോഴുണ്ടായതെന്നും മന്ത്രി പറഞ്ഞു.
കൽക്കരി ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ആന്ധ്രയിലെ കമ്പനിയുമായി ചേർന്ന് ബദൽ മാർഗം കണ്ടെത്തിയിട്ടുണ്ട്. പരമാവധി ഉപയോഗം കുറച്ച് ഉപയോക്താക്കൾ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
താപവൈദ്യുതിയുടെ ഉൽപ്പാദനം കുറഞ്ഞതോടെ 10.7 ജിഗാ വാട്ടിന്റെ കുറവ് രാജ്യത്ത് നേരിടുന്നുണ്ട്. 14 സംസ്ഥാനങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിൽ വ്യാഴാഴ്ച രാത്രി വൈകിട്ട് 6.30 മുതൽ രാത്രി 11.30 വരെയാണ് വൈദ്യുതി നിയന്ത്രണം.
കേന്ദ്രപൂളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചത്. അതേസമയം നഗരമേഖലകളേയും ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല.
4580 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് രാത്രി വരെ സംസ്ഥാനത്തിന് വേണ്ടി വരിക എന്നാണ് കണക്ക്. എന്നാൽ കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കറി ക്ഷാമം മൂലം ഉത്പാദനം കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന് കിട്ടേണ്ട വൈദ്യുതിയിൽ 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാവും. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.

















