അഹമ്മദാബാദ്: ഗുജറാത്തിലെ ഡാഷ് ബോർഡ് മോണിറ്ററിംഗ് സംവിധാനത്തെ അഭിനന്ദിച്ച് കേരള ചീഫ് സെക്രട്ടറി വിപി ജോയ്. ഇ-ഗവേണൻസിനായുള്ള ഡാഷ് ബോർഡ് സംവിധാനം മികച്ചതും സമഗ്രവുമായ ഒന്നാണ്. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ സംവിധാനത്തിലൂടെ കൃത്യമായി സാധിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ഡാഷ് ബോര്‍ഡ് പഠനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.
“ഞങ്ങൾ ഇപ്പോൾ ഡാഷ് ബോർഡ് മോണിറ്ററിംഗ് സിസ്റ്റം കണ്ടു. സേവനങ്ങളുടെ ഡെലിവറി നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ ഫീഡ്‌ബാക്ക് ശേഖരിക്കുന്നതിനും മറ്റും ഇത് മികച്ചതും സമഗ്രവുമായ ഒരു സംവിധാനമാണ്,” ചീഫ് സെക്രട്ടറി പറഞ്ഞു.
ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് മോണിറ്ററിങ് സംവിധാനത്തേക്കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേരള സംഘം കഴിഞ്ഞ ദിവസമാണ് അഹമ്മബാദിലെത്തിയത്.
ഏകദേശം ഒന്നര മണിക്കൂറോളം ഡാഷ്‌ബോര്‍ഡ് സംവിധാനത്തെ കുറിച്ച് പഠനം നടത്തി. ഇതിനുശേഷം മാധ്യമങ്ങളെ കണ്ടായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ജനങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കാനും അവരുടെ പ്രതികരണം ലഭിക്കാനും വലിയ ഗുണം നല്‍കുന്ന സംവിധാനമാണിതെന്നും വിപി ജോയ് പറഞ്ഞു.
വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2019ൽ ആരംഭിച്ചതാണ് ഡാഷ് ബോർഡ് സംവിധാനം. 21 വകുപ്പുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനുമുള്ള സൗകര്യം ഇതിലുണ്ട്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ഗുജറാത്ത് മോഡൽ പഠിക്കാൻ രണ്ടംഗ സംഘത്തെ അയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

















