തിരുവനന്തപുരം: വിവാദമായ സിൽവർ ലൈൻ സംവാദത്തിൽ പദ്ധതി കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് പാനലിസ്റ്റുകൾ വാദിച്ചപ്പോൾ അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം അവതരിപ്പിച്ച് പ്രൊഫ. ആർവിജി മേനോൻ.
തിരുവനന്തപുരത്തെ താജ് വിവാന്ത ഹോട്ടലിലാണ് സംവാദം. രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെ രണ്ട് മണിക്കൂറാണ് സിൽവർ ലൈൻ സംവാദം നടന്നത്. ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും പിന്മാറുകയും ചെയ്തതോടെ എതിർക്കുന്നവരിൽ അവശേഷിച്ചത് ആർവിജി മേനോൻ മാത്രമാണ്.
വിരമിച്ച റെയിൽവേ ബോർഡ് മെന്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വി.സി.ഡോ. കുഞ്ചെറിയ പി. ഐസക്, എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവരാണ് അനുകൂല പാനലിൽ പങ്കെടുക്കുന്നത്.
ജപ്പാൻ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതിൽ വിമർശനവുമായി ആർ വി ജി മേനോൻ രംഗത്തെത്തി. ഇന്ത്യൻ വിദഗ്ധർക്ക് ഇത്തരം സാങ്കേതിക വിദ്യകൾ വികസിപ്പിക്കാം. ഇത് കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കുമെന്നും ആർവിജി മേനോൻ.
കെ റെയിൽ സംവാദത്തിൽ കെഎസ്ആർടിസിയെ ആദ്യം നന്നാക്കേണ്ടേ എന്ന് കാണികളിൽ ഒരാളുടെ ചോദ്യം. കെ റയിൽ എംഡി മറുപടി പറയണം എന്നായിരുന്നു ആവശ്യം. ആരും മറുപടി നൽകിയില്ല ഈ ചോദ്യത്തിന് എന്ന് മാത്രമല്ല, ചർച്ച തുടരുകയും ചെയ്തു.
ഇതിനിടെ, കെ റെയിൽ സംവാദത്തിന് ബദലായി ജനകീയ പ്രതിരോധ സമിതി മെയ് നാലിന് തിരുവനന്തപുരത്ത് ബദൽ സംവാദം സംഘടിപ്പിക്കുന്നുണ്ട്. അലോക് വർമ്മയും ശ്രീധറും ജോസഫ് സി മാത്യുവും ആർവിജി മേനോനും ഈ ബദൽ സംവാദത്തിൽ പങ്കെടുക്കും.

















