ബംഗളൂരു: പ്രശസ്ത നടി സുമലത അംബരീഷ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. നിലവിൽ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള എംപിയാണ് സുമതലത.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തയാഴ്ച കര്‍ണാടക സന്ദര്‍ശനം നടത്താനിരിക്കെയാണ് ഇത്തരത്തിലുള്ള അഭ്യൂഹം പരക്കുന്നത്. സുമലതയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന.
സുമലതയുള്‍പ്പടെ നിരവധി പേര്‍ ബിജെപിയില്‍ ചേരുമെന്ന് കര്‍ണാടക മന്ത്രി ആര്‍ അശോക പറഞ്ഞു. അമിത് ഷായുടെ സന്ദര്‍ശന വേളയില്‍ ഈ കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് ബിജെപി കര്‍ണാടക നേതൃത്വം പ്രതികരിച്ചിരിക്കുന്നത്.
2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഒരു പ്രമുഖ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും മത്സരിക്കുകയെന്ന് ഇവര്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് അവര്‍ അന്ന് പറഞ്ഞത്.
















