കൊച്ചി: ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ നടന്‍ വിജയ് ബാബു ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയേക്കും.
കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും കേസില്‍ താനാണ് ഇരയെന്നും ആണ് വിജയ് ബാബു വ്യക്തമാക്കിയിരുന്നു.
പ്രതി വിദേശത്തായതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ആയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാല്‍ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് വിശദീകരണവുമായി വിജയ് ബാബു സോഷ്യൽ മീഡിയയിൽ എത്തിയത്. ഈ വിശദീകരണത്തിനിടയിലാണ് പരാതി നൽകിയ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. പെൺകുട്ടിയല്ല താനാണ് ശരിക്കുള്ള ഇരയെന്നാണ് വിജയ് ബാബു വിശദീകരണത്തിൽ പറയാൻ ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവ് വീഡിയോ പിന്നീട് പിൻവലിക്കുകയും ചെയ്തു.

















