കൊച്ചി: കെ.എസ്.ഇ.ബി ഓഫിസർമാരുടെ സമരം മൂലം വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ കേരള അവശ്യസേവന പരിപാലന നിയമപ്രകാരം (കെസ്മ) വിലക്ക് പ്രഖ്യാപിക്കണമെന്ന് ഹൈകോടതി. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻറെ റിലേ സത്യഗ്രഹ സമരത്തിൻറെ ഭാഗമായി ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിക്കുന്ന സാഹചര്യമുണ്ടായാൽ സമരം വിലക്കി കെസ്മ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കണമെന്നാണ് ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻറെ നിർദേശം.
ഈ മാസം 11 മുതൽ അസോസിയേഷൻ നടത്തുന്ന സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺ ജോസ്, സമരം തുടരുമെന്ന പ്രഖ്യാപനം നടത്തിയ സംഘടന നേതാവ് എം.ജി. സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ.വി. ജയചന്ദ്രൻ നായർ തുടങ്ങിയവർ നൽകിയ ഹരജികളിലാണ് ഇടക്കാല ഉത്തരവ്.
വൈദ്യുതി വിതരണം അവശ്യസർവിസാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമരത്തെത്തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ സാധാരണ ജീവിതത്തെ ബാധിക്കും. സർക്കാർ ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് ബാലഗോപാൽ കേസിൽ ഹൈകോടതി മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.- കോടതി പറഞ്ഞു.

















