തിരുവനന്തപുരം: ബയോമെട്രിക് പഞ്ചിങ്ങുള്ള എല്ലാ സർക്കാർ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന് ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പ് മേധാവികൾക്കും ചീഫ് സെക്രട്ടറി നിർദേശം നൽകി. നിലവിൽ സെക്രട്ടേറിയറ്റിലാണ് ഈ സംവിധാനം പൂർണമായി പ്രവർത്തിക്കുന്നത്.
സമാനമായി ബയോമെട്രിക് പഞ്ചിങ്ങുള്ള എല്ലാ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാനും ഓഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുമാണ് പുതിയ നിർദേശം. ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിച്ചതും സ്പാർക്ക് വഴി ശമ്പളം ലഭിക്കുന്നതുമായ നിരവധി ഓഫിസുകളിൽ ഇപ്പോഴും ഹാജർ സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല.
ഇത് ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് നടപടിക്ക് നിർദേശം. വകുപ്പ് മേധാവികൾ ഇത് ഉറപ്പാക്കണമെന്നും നടപടി പുരോഗതി എല്ലാ മാസവും സർക്കാറിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.
വൈകി വരുന്നതും നേരത്തേ പോകുന്നതും കൃത്യമായി രേഖപ്പെടുത്തും. മാസത്തിൽ നിശ്ചിത മണിക്കൂറുകളിൽ കൂടുതൽ വൈകിയാൽ ആബ്സൻറാകും. ഹാജർ ക്രമീകരിച്ചില്ലെങ്കിൽ ശമ്പളത്തെയും ബാധിക്കും.

















