സ്പെഷ്യൽ സ്‌കൂളുകൾ രാജ്യത്ത് വിഭാവനം ചെയ്‌തത് വലിയൊരു മുന്നേറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു. Persons with Disabilities Act of 1995 ന്റെ ഭാഗമായി അരികുവത്കരിക്കപ്പെട്ട ഒരു ജനതക്ക് വേണ്ട കരുതലായയാണ് മാനസിക – ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സ്‌പെഷ്യൽ സ്‌കൂളുകൾ സംസ്ഥാനത്തും രാജ്യത്തുമെല്ലാം സ്ഥാപിച്ചത്. ഇത്തരം സ്‌കൂളുകൾക്ക് ഗ്രാന്റുകളും ഫണ്ടുകളും സർക്കാരുകൾ നൽകിവരുന്നുണ്ട്. ഇതിന്റെ ബലത്തിലാണ് സംസ്ഥാനത്തെ മിക്ക സ്ഥാപനങ്ങളും പ്രവർത്തിച്ചുവരുന്നത്. എന്നാൽ ഇത്തരം സ്ഥാപനങ്ങൾക്ക് തിരിച്ചടി നൽകുകയാണ് സർക്കാർ.
സ്പെഷ്യൽ സ്‌കൂളുകളുടെ ഫണ്ട് സർക്കാർ പകുതിയിലധികം കുറച്ചു. ഇതിന് പിന്നാലെ സ്ഥാപനങ്ങൾക്ക് നല്കിവന്നിരുന്ന ഗ്രേഡ് താഴ്ത്തുക കൂടി ചെയ്‌ത് ഇത്തരം സ്‌കൂളുകളോട് ക്രൂരത കാണിക്കുകയാണ് സർക്കാർ. വെട്ടിക്കുറച്ച ഫണ്ട് പുനഃസ്ഥാപിക്കും എന്നുറപ്പ് നൽകിയിരുന്നെങ്കിലും അതിന് വിരുദ്ധമായാണ് ഗ്രേഡ് താഴ്ത്തിയ നടപടി ഉണ്ടായത്. ഗ്രേഡ് താഴ്ത്തി പണം നൽകുന്നത് തടയാനാണ് സർക്കാർ നീക്കം.
കുട്ടികളുടെ എണ്ണവും സ്ഥാപനത്തിന്റെ സൗകര്യവും അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളെ എ, ബി, സി, ഡി ഗ്രേഡുകളായി തിരിക്കാറുള്ളത്. 100 കുട്ടികളും ആനുപാതിക സൗകര്യങ്ങളുമുള്ള സ്ഥാപനങ്ങളാണ് എ ഗ്രേഡ്. 50 കുട്ടികളും സൗകര്യവുമുള്ളതിന് ബി ഗ്രേഡ്, 25 കുട്ടികളുണ്ടെങ്കിൽ സി ഗ്രേഡും, അതിൽ കുറഞ്ഞവക്ക് ഡി ഗ്രേഡ് എന്നിങ്ങനെയാണ് നൽകിവന്നിരുന്നത്.
ഗ്രേഡ് തരംതിരിവിന് അനുസരിച്ചാണ് ഫണ്ടിൽ നിന്ന് സ്പെഷ്യൽ സ്‌കൂളിലെ ജീവനക്കാർക്ക് വേതനം നൽകുന്നത്. എ ഗ്രേഡിലെ 12 ജീവനക്കാർക്ക് ഇതുവഴി വേതനം നൽകാനാകും. ബി -യിലെ 6 പേർക്കും, സി -യിൽ നിന്ന് 3 പേർക്കുമാണ് വേതനം നൽകുക.
എന്നാൽ ഇത്തവണ പരിശോധന കഴിഞ്ഞപ്പോൾ മികച്ച സൗകര്യങ്ങളുള്ള സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ ഒരു സ്ഥാപനത്തിനും ഇത്തവണ എ ഗ്രേഡ് ഇല്ല. 500 കുട്ടികളും ആനുപാതിക സൗകര്യങ്ങൾ ഉള്ള സംസ്ഥാനത്തെ സ്ഥാപനത്തിന് പോലും ഡി ഗ്രേഡ് ആണ് നൽകിയത്. പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളുടെ ഗ്രേഡ് നിശ്ചയിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. അങ്ങനെയെങ്കിൽ എല്ലാ മാനദണ്ഡങ്ങൾ അനുസരിച്ചും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എങ്ങിനെ പുറത്തായെന്ന് നടത്തിപ്പുകാരും രക്ഷിതാക്കളും ചോദിക്കുന്നു.
2021 – 22 ൽ അനുവദിച്ച 60 കോടി രൂപ പിന്നീട് 22 കോടിയാക്കി വെട്ടിക്കുറക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്‌തത്. നടപടിക്കെതിരെ രക്ഷിതാക്കളും ജീവനക്കാരും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയപ്പോൾ കുറച്ച 38 കോടി രൂപ കോടി കൂടി വൈകാതെ അനുവദിക്കുമെന്നായിരുന്നു സർക്കാർ ഉറപ്പു നൽകിയത്. ഇതിന്റെ ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് ഇരുട്ടടി പോലെ ഗ്രേഡ് കുറച്ച നടപടിയും വന്നത്.
ഇതോടെ സർക്കാരിൽ നിന്ന് സംസ്ഥാനത്തെ മാനസിക – ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കാര്യമായ സഹായം ലഭിക്കില്ലെന്ന് ഉറപ്പായി. സ്പെഷ്യൽ സ്‌കൂളുകൾ മിക്കതും സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ ഇങ്ങനെ ഒരു നടപടി സ്പെഷ്യൽ സ്‌കൂളുകളുടെ അന്തകനാകുമോ എന്ന ആശങ്ക ബാക്കിയാണ്.