തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണന്റെ വിയോഗത്തിൽ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. തിളക്കമാർന്ന വ്യക്തിത്വത്തിന്റെ മുഖമായിരുന്നു കെ ശങ്കരനാരായണനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. നിഷ്കളങ്കത അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. കേരള രാഷ്ട്രീയത്തിന്റെ ഏറ്റവും മുതിർന്ന വ്യക്തിയായി അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു. ഒരു ജീവിതം മുഴുവൻ പൊതുപ്രവർത്തനത്തിന് വേണ്ടി ഉഴിഞ്ഞുവച്ച വ്യക്തിയാണ് അദ്ദേഹം. കെ ശങ്കരനാരായണനെക്കുറിച്ചുള്ള അനുസ്മരണം ഏതെങ്കിലും പദപ്രയോഗങ്ങളിൽ മാത്രം ഒതുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായി ഏറെ വാത്സല്യം പകർന്നു തന്ന നേതാവിനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. താൻ കോൺഗ്രസ് നേതൃത്വത്തിലേക്കും മറ്റ് നേതൃസ്ഥാനങ്ങളിലേക്കും ഉയർന്നു വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ആളാണ്. ജീവിതത്തെ ഇത്രയും പോസിറ്റീവ് ആയ കണ്ടൊരു വ്യക്തിയെ ഞാൻ വേറെ കണ്ടിട്ടില്ല. എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി കാണുന്ന ആളായിരുന്നു അദ്ദേഹമെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഒരു പാട് പദവികൾ വഹിച്ചിട്ടുണ്ടെങ്കിലും അതിന്റെ അഹങ്കാരമോ അതിന്റെ ധാർഷ്ട്യമോ ഒന്നുമില്ലാതെ വളരെ ലളിതമായ ജീവിതം നയിച്ച ആളാണ്. താൻ ആദ്യം കണ്ട ശങ്കരനാരായണൻ സാറും ഏതാനും മാസങ്ങൾക്ക് മുൻപ് വീട്ടിലെത്തി കണ്ടപ്പോഴുള്ള ആളും ഒരാള് തന്നെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നർമ സംഭാഷമാണ് അദ്ദേഹത്തിന്റെ മുദ്ര. അത് നിയമസഭയിലാണെങ്കിലും പുറത്താണെങ്കിലും പാർട്ടി യോഗങ്ങളിലുമെല്ലാം വാക്കുകൾ കൊണ്ട് ആളുകളെ ആകർഷിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു. കൂടുതൽ ബന്ധപ്പെടുന്നത് 2001 എംഎൽഎയായി ചെല്ലുമ്പോഴാണ്. അന്ന് അദ്ദേഹം ധനകാര്യ മന്ത്രിയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് അദ്ദേഹം ധനമന്ത്രിയാകുന്നത്. എന്നാൽ ആ പ്രതിസന്ധികളെ ചുരുങ്ങിയ കാലംകൊണ്ട് മറികടക്കാൻ അദ്ദേഹത്തിനായി. പൊതുസൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിയാണ് അദ്ദേഹം. കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിയെയാണ് നഷ്ടമായതെന്നും വി.ഡി.സതീശൻ പറഞ്ഞു.
കെ.ശങ്കരനാരായണന്റെ നിര്യാണത്തിലൂടെ നഷ്ടമായത് കോൺഗ്രസ് പാർട്ടിയെ പടുത്തുയർത്താൻ അഹോരാത്രം പ്രവർത്തിച്ച പോരാളിയെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എതിരാളികൾക്കു പോലും സുസമ്മതനായി ഏഴുപതിറ്റാണ്ടുകാലം രാഷ്ട്രീയ രംഗത്ത് സുതാര്യമായി, വിശുദ്ധിയോടെ നിലകൊള്ളാൻ കഴിഞ്ഞ അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും ഐക്യജനാധിപത്യമുന്നണിക്കും പകരം വയ്ക്കാനില്ലാത്ത നഷ്ടമാണെന്നും തുടക്കകാലത്ത് പാലക്കാട് ജില്ലയിൽ കോൺഗ്രസിനെ വളർത്താൻ അക്ഷീണം പ്രവർത്തിച്ച അദ്ദേഹം പ്രവർത്തകരെ എന്നും ചേർത്തു നിർത്തിയാണ് വളർച്ചയുടെ പടവുകൾ കയറിയതെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
വിദ്യാർഥി കാലം മുതൽ പൊതുരംഗത്ത് സജീവമായി ബൂത്ത് തലം മുതൽ പ്രവർത്തിച്ച് പാർട്ടിയുടേയും മുന്നണിയുടേയും നേതൃതലത്തിലെത്തി പതിറ്റാണ്ടുകളോളം സംസ്ഥാന രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായി നിലകൊണ്ട അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മന്ത്രിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ശങ്കരനാരായണൻ ഗവർണറായി വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോഴുൾപ്പെടെ ഏറ്റെടുത്ത പദവികളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചാണ് മുന്നോട്ടു പോയത്. രാജ്ഭവനുകളെ ജനകീയമാക്കിയും ആലങ്കാരിക പദവിക്കപ്പുറത്ത് ഗവർണർക്കും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് തന്റെ പ്രവൃത്തിയിലൂടെ അദ്ദേഹം തെളിയിച്ചുവെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
യോജിപ്പിന്റെ മേഖലകളിൽ എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടു പോകുമ്പോഴും സൗമ്യതയോടെ തന്നെ തന്റെ വിയോജിപ്പുകളും എക്കാലത്തും തുറന്നു പറഞ്ഞിരുന്നു. തികഞ്ഞ മതേതര വാദിയും മികച്ച സംഘാടകനുമായിരുന്ന അദ്ദേഹം കോൺഗ്രസിലെ പല തലമുറകൾക്ക് പാഠ പുസ്തകമായിരുന്നു. മുതിർന്ന നേതാവായ വലിയ അനുഭവസമ്പത്തുള്ള ശങ്കരനാരായണന്റെ വിയോഗം കോൺഗ്രസിന് ദേശീയതലത്തിൽ തന്നെ വലിയ നഷ്ടമാണെന്നും വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു കെ.ശങ്കരനാരായണന്‍. 89 വയസായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു.
മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി. അരുണാചൽ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. 16 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. സംസ്ഥാന ഗവർണർ, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യുഡിഎഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
സിപിഐഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാട് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാന നേതൃത്വത്തിലേക്കെത്തിയ വ്യക്തിയാണ് കെ ശങ്കരനാരായണൻ. മന്ത്രി പദവും ഗവര്‍ണർ സ്ഥാനവുമൊക്കെ അലങ്കരിച്ച ശങ്കരനാരായണൻ അവസാന കാലത്തും രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ച വ്യക്തി കൂടിയാണ്.

















