പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ. ശങ്കരനാരായണന്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ശേഖരീപുരത്തെ വസതിയില്‍ രാത്രി 8.50- ഓടെ ആയിരുന്നു അന്ത്യം. വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍, യു.ഡി.എഫ്. കണ്‍വീനര്‍, നിയമസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരിലായിരുന്നു ശങ്കരനാരായണന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ശങ്കരനാരായണന്‍ സജീവരാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് പാലക്കാട് ഡി.സി.സി. സെക്രട്ടറിയായും പ്രസിഡന്റായും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1968ൽ 36–ാം വയസിൽ കെപിസിസി ജനറൽ സെക്രട്ടറി പദത്തിലെത്തി. കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിനൊപ്പം നിലകൊണ്ടു. അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോൾ അതുല്യഘോഷ്, എസ്.കെ.പാട്ടീൽ, കാമരാജ് എന്നിവരോടൊപ്പം സംഘടനാ കോൺഗ്രസിന്റെ പ്രവർത്തകസമിതിയംഗമായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ നിലപാടെടുത്തു. അടിയന്തരാവസ്ഥക്കാലത്തു സംഘടനാ കോൺഗ്രസിന്റെ സംസ്ഥാനപ്രസിഡന്റായിരുന്ന (1971– 76).
ശങ്കരനാരായണൻ പൊലീസ് അറസ്റ്റിലായി. പൂജപ്പുര ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. മാപ്പെഴുതി കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. അന്ന് കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. തന്റെ മാനസഗുരു കൂടിയായിരുന്ന കാമരാജിന്റെ സംസ്കാരചടങ്ങിന് ജയിലിൽ നിന്നാണ് ശങ്കരനാരായണൻ പോയത്.
1976-ൽ ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസ്, കോൺഗ്രസിൽ ലയിച്ചു. 1977–ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ നിന്ന് വിജയിച്ചു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പു മന്ത്രിയായി. 16ദിവസം മാത്രമേ സ്ഥാനത്ത് തുടർന്നുള്ളു (11.4.77 മുതൽ 27.4.77 വരെ) രാജൻകേസിനെത്തുടർന്ന് കരുണാകരൻ മന്ത്രിസഭ രാജിവെച്ചു. തുടർന്ന് എ.കെ.ആന്റണി മന്ത്രിസഭയിലും കൃഷിമന്ത്രിയായി (27.4.77 മുതൽ 29.10.78 വരെ). 2001–ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് എ.കെ.ആന്റണി മന്ത്രിസഭയിൽ ധനകാര്യ, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു. 16 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി. അരുണാചൽ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. പരേതയായ രാധയാണ് ഭാര്യ. മകൾ അനുപമ. മരുമകൻ: അജിത് ഭാസ്കർ.

















