മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ യുവാവിന്റെ അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നടുറോഡിൽ ക്രൂര മർദ്ദനത്തിന് ഇരയായി. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെൺകുട്ടികളെ മർദ്ദിച്ചത്. ഈ മാസം 16 നാണ് പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്ന, ഹംന എന്നിവർക്ക് മർദ്ദനമേറ്റത്. കാറിൽ നിന്നും ഇറങ്ങി വന്ന് പ്രതി ഇബ്രാഹിം ഷബീർ വാഹനമോടിക്കുന്ന അസ്നയെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു യാത്രക്കാരനാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്. പെൺകുട്ടികൾ നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും തേഞ്ഞിപ്പാലം പൊലീസിന്റെ ഭാഗത്ത് നിന്നും ഒത്തുതീർപ്പിനുള്ള ശ്രമമാണുണ്ടായതെന്നും സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചതെന്നും മർദ്ദനമേറ്റ പെൺകുട്ടി പറയുന്നു.
കോഴിക്കോട് നിന്നും മലപ്പുറത്ത് പോകുന്ന വഴിയെയാണ് സംഭവമുണ്ടായത്.
അമിതവേഗത്തിൽ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീർ പെൺകുട്ടികളോടിച്ച വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തു. ഇതോടെ പെൺകുട്ടികളുടെ വാഹനം മറിയാനായിപോയി. യുവാവിന്റെ അപകടകരമായ ഡ്രൈവിംഗ് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നു.

















