തിരുവനന്തപുരം: കെ-റെയില്‍ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥന്‍ എം. ഷബീറിനെ സ്ഥലം മാറ്റി. മംഗലപുരം പോലീസ് സ്‌റ്റേഷനില്‍ നിന്നും പുളിങ്കുടി എ.ആര്‍ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.
ഷബീര്‍ സമരക്കാരനായ ജോയിയെ ചവിട്ടുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ന് പുറത്ത് വന്നിരുന്നു. ഇതില്‍ ചവിട്ടുന്നതിനൊപ്പം മുഖത്തടിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. തുടര്‍ന്നാണ് നടപടി.
ഷബീര്‍ സമരക്കാരെ ചവിട്ടിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ചും സ്ഥിരീകരിച്ചിരുന്നു. വകുപ്പു തല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സ്ഥലം മാറ്റം. മുമ്പും നിരവധി തവണ സസ്പെന്‍ഷനിലായ ആളാണ് ഷബീര്‍.
കഴക്കൂട്ടത്ത് കെ റയിലിന് വേണ്ടി സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകൻ ജോയിയെ മുഖത്തടിച്ച് ഷബീർ വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് കൂടാതെ ഷബീർ പ്രകോപനം കൂടാതെ ജോയിയെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നതാണ്. നിലത്തിട്ട് ചവിട്ടുന്നതിന് മുമ്പ് മുഖത്തടിച്ച് വീഴ്ത്തുന്നത് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയാണ് പൊലീസുകാരൻ അതിക്രം കാണിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസുകാരനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അതിക്രമം ദൃശ്യങ്ങളിൽ വ്യക്തമാണ്, ഒരു ഡിവൈഎസ്പിയുടെ റിപ്പോർട്ടുണ്ടായിട്ടും വീണ്ടും വകുപ്പ് തല അന്വേഷണത്തിനാണ് റൂറൽഎസ്പി ഉത്തരവിട്ടത്.

















