തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ മാറ്റിയതിനെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്ത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കെയാണ് ക്രൈംബ്രാഞ്ചിലെ അഴിച്ചുപണി. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഈ കേസ് കോടതി പോലും ഗൗരവമായി കാണുന്നില്ലെന്നും ആനി രാജ നിരാശ പ്രകടിപ്പിച്ചു.
നടിയെ ആക്രമിച്ച കേസ്, ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസ് എന്നിവയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അന്വേഷണ സംഘത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും സർക്കാർ മാറ്റുന്നത്.
ക്രൈംബ്രാഞ്ച്, വിജിലൻസ് മേധാവികളെ മാറ്റി പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി നടന്നിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ നിർണായക ഘട്ടത്തിലാണ് എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് ഗതാഗത കമ്മീഷണറായി മാറ്റിയത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനും ദിലീപിനെതിരായ നടപടികൾക്കും ചുക്കാൻ പിടിച്ചിരുന്നത് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തായിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ പൊലീസിൽ നിന്ന് തന്നെ മാറ്റി ഗതാഗത കമ്മീഷണറാക്കുന്നത്. കോടതി വിമർശനങ്ങളും അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ പരാതിയുമാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാൻ ഒരു മാസം മാത്രം ശേഷിക്കേയുള്ള സ്ഥാനമാറ്റം അന്വേഷണത്തെ ബാധിച്ചേക്കും. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം മേയ് 30 നകം അവസാനിപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. അന്വേഷണം തുടങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ പ്രതികളെയും സാക്ഷികളെയും ഉൾപ്പെടെ നൂറിലേറെ പേരെയാണ് രണ്ടു കേസുകളിലും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ ആയിരുന്നു രണ്ട് അന്വേഷണ സംഘങ്ങളുടെയും നീക്കങ്ങൾ.
അതേസമയം, ശ്രീജിത്തിന്റെ മാറ്റത്തിനു പിന്നിൽ മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ ഇടപടൽ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

















