പാലക്കാട്: ആർ.എസ്.എസ് – പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കൊലപാതകത്തെ തുടർന്ന്‍ പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടി. നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
നേരത്തെ നാലു ദിവസം കൂടി നിരോധനാജ്ഞ നീട്ടിയിരുന്നു. പിന്‍വലിക്കാവുന്ന സാഹചര്യം ജില്ലയില്‍ എത്തിയിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്ന് നീട്ടിയിരുന്നത്.
അതേസമയം, ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 7 പേരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പെടയുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. കേസിൽ ഇന്നലെ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയിൽ പങ്കെടുത്തവരും പതികളെ സഹായിച്ചവരുമാണ് അറസ്റ്റിലായത്.
പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. രമേശ്, ശരവണൻ, അറുമുഖൻ എന്നിവരെ ചിറ്റൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്.

















