ഏപ്രിൽ 23 ലോക പുസ്തക ദിനം. ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികൾ ഇന്ന് പുസ്തകദിനം ആഘോഷിക്കുകയാണ്. ഈ ദിനം ലോക പകർപ്പവകാശ ദിനമായും അറിയപ്പെടുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള ഓർമപ്പെടുത്തലാണ് ഓരോ പുസ്തക ദിനവും നൽകുന്നത്. പുസ്തക ദിനാചരണത്തിലൂടെ എവിടെയും സാംസ്‌കാരികമായ മൂല്യത്തെ ഉയർത്തിപ്പിടിക്കുകയാണ്. വില്യം ഷേക്‌സ്പിയറിന്റെയും ഗാർസിലാസോ ഡി ലാവേഗയുടെയും സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരനായ മിഖായേൽ ഡി സെർവാന്റെയും ചരമദിനമാണ് പുസ്തക ദിനമായി ആചരിക്കുന്നത്. ഈ മഹാന്മാരോടുള്ള ആദരസൂചകമയാണ് 1995 ൽ ലോക പുസ്തക ദിനം ആചരിക്കുവാൻ യുനെസ്‌കോ പൊതുസമ്മേളനത്തിൽ തീരുമാനിച്ചത്.
ചരിത്രം
ലോക പുസ്തക ദിനം ആഘോഷിക്കാനുള്ള ആശയം ആദ്യമായി അവതരിപ്പിക്കുന്നത് വാലെൻഷ്യൻ എഴുത്തുകാരനായ വിസെന്റ് ക്ലാവൽ ആൻഡ്രസ് ആണ്. ലോകപ്രശസ്ത സാഹിത്യകാരനായ മിഗ്വേൽ ഡി സെർവാന്റിസിനോടുള്ള (ഡോൺ ക്വിക്സോട്ട്) ആദരസൂചകമായി അദ്ദേഹത്തിന്റെ ചരമദിനമായ ഏപ്രിൽ 23-ന് ഇത്തരമൊരു ദിനാചരണം നടത്താം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. അതിനെ തുടർന്ന് 1995-ൽ പാരീസിൽ ചേർന്ന ജനറൽ കോൺഫറൻസ് ഏപ്രിൽ 23 ലോക പുസ്തക, പകർപ്പവകാശ ദിനമായി ആചരിക്കാനുള്ള തീരുമാനത്തിന് അന്തിമമായഅംഗീകാരം നൽകുകയായിരുന്നു. ലോകമെമ്പാടുമുള്ള പ്രമുഖരായ നിരവധി സാഹിത്യകാരന്മാരുടെ ജനനത്തിനും മരണത്തിനും സാക്ഷ്യം വഹിച്ച ദിവസമാണ് ഏപ്രിൽ 23 എന്നതാണ് ഈ തീയതി തന്നെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം.
വില്യം ഷേക്‌സ്പിയർ, സെർവാന്റിസ്, ജോസപ്പ്ലാ, ഇൻകാ ഗാർസിലാസോ ഡി ലെ വാഗ എന്നിവരെല്ലാം അന്ത്യശ്വാസം വലിച്ചത് ഏപ്രിൽ 23-നായിരുന്നു. അതേസമയം, മാനുവൽ മെജിയവല്ലേജോ, ഷേക്‌സ്പിയർ, ഹാൽഡർ കെ ലാക്സ്നെസ്സ്, മോറിസ് ഡ്രുവോൺ എന്നിവരുടെ ജന്മദിനവും ഏപ്രിൽ 23 ആണ്. ഷേക്‌സ്‌പിയറിന്റെയും സെർവാന്റിസിന്റെയും മരണ ദിവസത്തെക്കുറിച്ച് രസകരമായ ഒരു വസ്തുതയുണ്ട്. ഇരുവരും മരിച്ചത് ഒരേ തീയതിയിലായിരുന്നെങ്കിലും ഒരേ ദിവസമായിരുന്നില്ല. ആ വർഷങ്ങളിൽ സ്‌പെയിൻ ഗ്രിഗോറിയൻ കലണ്ടറും ഇംഗ്ലണ്ട് ജൂലിയൻ കലണ്ടറുമാണ് പിന്തുടർന്നിരുന്നത് എന്നതാണ് അതിന് കാരണം.
പ്രാധാന്യം
പുസ്തകങ്ങൾ അമൂല്യങ്ങളാണ്. വായനയുടെ സംസ്കാരം തഴച്ചു വളരുന്നുണ്ടെന്നും അത് സന്തോഷം പകരുന്നുണ്ടെന്നും ഉറപ്പു വരുത്താനാണ് യുനെസ്‌കോ ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുസ്തകങ്ങൾ നമ്മുടെ ജീവിതങ്ങളിൽ ചെലുത്തുന്ന പകരം വെക്കാനില്ലാത്ത സ്വാധീനത്തോട് ആദരവ് പ്രകടിപ്പിക്കാനുള്ള അവസരമാണിത്. അതോടൊപ്പം, മാനവരാശിയുടെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിക്ക് അതിരുകളില്ലാത്ത സംഭാവന നൽകിയ എഴുത്തുകാരെയും പ്രസാധകരെയും അനുസ്മരിക്കാൻ കൂടിയുള്ള ഒരവസരമായി ഈ ദിവസത്തെ മാറ്റണം. പുസ്തക വ്യവസായത്തിലെ മൂന്ന് സുപ്രധാന വിഭാഗങ്ങൾ പ്രസാധകർ, പുസ്തക വിൽപ്പനക്കാർ, വായനശാലകൾ എന്നിവയാണ്. വായനയോടൊപ്പം പുസ്തകപ്രസാധനത്തെയും പകർപ്പവകാശത്തെയും കൂടി പ്രോത്സാഹിപ്പിക്കാൻ ഈ ദിനാചരണത്തിലൂടെ നമുക്ക് കഴിയണം.
അതേസമയം, പുസ്തക ദിനത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വായനയുടെ പ്രചാരകനായ പി.എൻ. പണിക്കരെ ഏറെ കൃതജ്ഞതയോടെ ഇന്ന് നമുക്ക് സ്മരിക്കാം.
‘നമ്മുടെ നാടിനെ ജ്ഞാനപ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ’ എന്നാണ് സുകുമാർ അഴീക്കോട് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സാരഥിയായിരുന്ന മഹാനായ പി.എൻ. പണിക്കരെ വിശേഷിപ്പിച്ചിരുന്നത്. ഗ്രന്ഥശാലാ സംഘമെന്നത് പോലെ സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പി.എൻ. പണിക്കർ. സനാതന ധർമം എന്ന പേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്നു കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്. ചെറുപ്പത്തിലേ വായനയ്ക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഊണും ഉറക്കവുമൊഴിച്ച് വായിച്ചു വളർന്ന അദ്ദേഹം വീടുകൾ തോറും കയറി ഇറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് വായനശാല ഉണ്ടാക്കുമ്പോൾ വയസ്സ് 17 തികയുന്നതേ ഉണ്ടായിരുന്നുള്ളൂ.
സർക്കാരിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങി അദ്ദേഹം മുഴുവൻ സമയ ഗ്രന്ഥശാല പ്രവർത്തകനായി. മുപ്പത്തിരണ്ട് വർഷക്കാലം ഗ്രന്ഥശാലാ സംഘത്തിന്റെ സെക്രട്ടറിയായി പി.എൻ. പണിക്കർ പ്രവർത്തിച്ചു. സർക്കാർ ഇത് ഏറ്റെടുത്തതോടെയാണ് അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് മാറുന്നത്. സെക്രട്ടറിയേറ്റിലും മറ്റും നിരന്തരം കയറി ഇറങ്ങിയാണ് അദ്ദേഹം ഇതിന് ഗ്രാന്റടക്കമുള്ളവ സംഘടിപ്പിച്ചത്. ‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്ന് മരണം വരെ ഉരുവിട്ട മഹദ് വ്യക്തിത്വത്തിന്റെ ചരമദിനമായ ജൂൺ 19 വായനാദിനമായും നാം ആചരിക്കുന്നു. ജന്മദിനത്തിനും മറ്റും മക്കൾക്കിഷ്ടമുള്ളവ സമ്മാനിക്കുന്നതിനോടൊപ്പം മൂല്യമുള്ള ഒരു പുസ്തകവും കൂടി നൽകുക. അവരും വായിച്ചു വളരട്ടെ, ചിന്തിച്ചു വിവേകം നേടട്ടെ.
അറിവിന്റെ ഖനികളാണ് നല്ല പുസ്തകങ്ങൾ. വായന ഓരോ വ്യക്തിയുടെയും ബുദ്ധിയിലും ചിന്തയിലും കാര്യമായ മാറ്റം ഉണ്ടാക്കുന്നു. തെളിച്ചവും വെളിച്ചവുമുള്ളതാക്കിത്തീർക്കുന്നു. ശരീരത്തിന്റെ പൂർണമായ ആരോഗ്യത്തിന് വ്യായാമം എന്ന പോലെ മനസ്സിനും വ്യായാമം ആവശ്യമാണ്. അത് വായനയിലൂടെ നേടാനാവുന്നു. വായനയിലൂടെ നേടുന്ന ജ്ഞാനം ലോകത്തിന്റെ വിശാലത ഉൾക്കൊള്ളാൻ പാകത്തിൽ ഹൃദയവും വിശാലമാക്കുമ്പോൾ പിരിമുറുക്കങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കുന്നു. വേദനകൾ, നഷ്ടങ്ങൾ എല്ലാം സഹിക്കാൻ മനസ്സിന് കരുത്ത് നൽകുന്നു. ധ്യാനപൂർണമായ ഗ്രന്ഥപാരായണത്തിലൂടെ മനഃസമാധാനം കൈവരിക്കാനാവുന്നു.
വായനയുടെ അനന്ത സാധ്യതകളെ നെഞ്ചിലേറ്റി അക്ഷരങ്ങളിലൂടെ കണ്ണോടിച്ച് പുസ്തകത്തിന്റെ താളുകൾ ഓരോന്നും മറിക്കുമ്പോൾ പുതിയ ഏതോ ഒരു ലോകത്തിന്റെ അനുഭൂതിയിൽ ലയിക്കുന്നു. അങ്ങനെ പുസ്തക വായന മനുഷ്യ മനസ്സുകളിൽ മായാപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങൾ സമ്മാനിക്കുക വഴി ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും സൃഷ്ടിച്ചെടുക്കാനാവുന്നു. അതുകൊണ്ടു മൂല്യമുള്ള പുസ്തകങ്ങൾ വായിക്കുവാൻ അവസരം ഉണ്ടാക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു.