ശ്രീകണ്ഠപുരം: കെ.എസ്.ഇ.ബി പയ്യാവൂർ സെക്ഷനു കീഴിൽ, റിസോർട്ട് നിർമാണത്തിന്റെ മറവിൽ നടത്തിയ വൈദ്യുതി മോഷണം പിടികൂടി. പയ്യാവൂർ നറുക്കുംചീത്തയിൽ നിർമാണം നടക്കുന്ന റിസോർട്ടിലേക്ക് ലൈനിൽ നിന്നും നേരിട്ട് വൈദ്യുതി ചോർത്തി ഉപയോഗിക്കുന്നതാണ് അധികൃതർ കണ്ടെത്തിയത്.
സബ് എൻജിനീയർ കെ.ജെ. ഷാജി, ലൈൻമാൻന്മാരായ ശ്രീരേഖ്, ബിനോയ് എന്നിവർ നടത്തിയ ലൈൻ പരിശോധനയിലാണ് വൈദ്യുതി മോഷണം പിടികൂടിയത്. കർണാടക മാണ്ഡ്യ സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിക്കുന്ന റിസോർട്ട് കെട്ടിടത്തിലാണ് വൈദ്യുതി മോഷ്ടിച്ച് ഉപയോഗിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇയാളിൽ നിന്ന് 24,980 രൂപ പിഴയീടാക്കിയതായി അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
















