കണ്ണൂർ: കെ റെയിലിനെതിരെ പ്രതിഷേധം നടന്ന കണ്ണൂർ ചാലയിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ സന്ദർശിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊമാണ് സുധാകരൻ സ്ഥലത്തെത്തിയത്. ഇവിടുത്തെ വീടുകളിലെത്തി അദ്ദേഹം ആശയവിനിമയം നടത്തി.
ഈ സമയം സ്ഥലത്ത് സ്ഥാപിച്ചിരുന്ന കെ റെയിൽ കല്ലുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുതെടുത്തു. ഇതിനുശേഷം സുധാകരനൊപ്പം പ്രവത്തകർ സിൽവർലൈൻ കല്ലുകളുമായി പ്രതിഷേധ പ്രകടനവും നടത്തി.
സില്‍വര്‍ലൈന്‍ കുറ്റി എവിടെ നാട്ടിയാലും പിഴുതെറിയുമെന്ന് കെ സുധാകരന് പറഞ്ഞു. പാട്ടാളം വന്നാലും കുറ്റി നിലനിര്‍ത്തില്ലെന്നും ജയിലില്‍ പോകാനും തങ്ങള്‍ തയാറാണെന്നും കെ സുധാകരന് പറഞ്ഞു.
‘മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോകുന്ന പ്രശ്നമില്ല. ഇത് ജനങ്ങളുടെ നാടാണ്. പിണറായി വിജയന് വീതം കിട്ടിയതല്ല. കേരളത്തിലെ സമാധാനപൂര്‍ണമായ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ ആര് തുനിഞ്ഞിറങ്ങിയാലും ഞങ്ങള്‍ പ്രതിരോധിക്കും. എവിടെ കല്ല് നാട്ടിയാലും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ പിഴുതെറിയും. പൊലീസിന്റെ അക്രമത്തെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള കരുത്ത് ജനങ്ങള്‍ക്കുണ്ട്. സാധാരണക്കാരെ ബൂട്ടിട്ട് ചവിട്ടിയത് അങ്ങേയറ്റം ക്രൂരമായ സംഭവമാണ്. ഇതിനെല്ലാം സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണ്’. കെ സുധാകരന് പറഞ്ഞു.
ഇന്ന് രാവിലെ ചാലയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കെ റെയിൽ കല്ലുകളുമായെത്തിയ വാഹനം തടയുകയായിരുന്നു. എടക്കാട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
പ്രതിഷേധക്കാരെ കായികമായി നേരിടുന്ന പോലീസുകാരെ ജനം തെരുവിൽ കൈകാര്യം ചെയ്യും. ഇത്തരം ഉദ്യോഗസ്ഥരെ സർക്കാർ നിലയ്ക്കു നിർത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ജനങ്ങളെ കൈയേറ്റം ചെയ്യാനും ചവിട്ടിമെതിക്കാനും ആരാണ് പോലീസിന് അധികാരം നല്‍കിയത്. പോലീസിന്റെ ലാത്തിക്കും തോക്കിനും മുന്നില്‍ പിന്തിരിഞ്ഞ പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്ന് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഇറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നതാണ് നല്ലതെന്നും സുധാകരൻ മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

















