മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്ത് സംബന്ധമായ തർക്കം പരിഹരിക്കൽ ചർച്ച പരാജയം. കോടതി നിർദേശ പ്രകാരം ഇന്നലെ നടത്തിയ മധ്യസ്ഥ ചർച്ചയാണ് ഒത്തുതീർപ്പിലെത്താത്തത്. ഇതോടെ കൊട്ടാരക്കര സബ് കോടതി കേസിൽ വിശദമായ വാദം കേൾക്കും. ചർച്ച നടത്തിയ അഡ്വ.എൻ.സതീഷ്ചന്ദ്രൻ കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറും.
ആർ.ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്നായിരുന്നു മൂത്തമകൾ ഉഷ മോഹൻദാസിന്റെ ആവശ്യപെട്ടത്. സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണൻ, കെ.ബി.ഗണേഷ്കുമാർ എംഎൽഎ എന്നിവരാണു എതിർകക്ഷികൾ. ചർച്ചയിൽ ഗണേഷ്കുമാർ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ആർ.ബാലകൃഷ്ണപിള്ളയുടെ പേരിൽ വ്യാജ വിൽപത്രം തയാറാക്കിയെന്ന ഹർജിയുമായാണ് ഉഷ കോടതിയിൽ എത്തിയത്. വിൽപത്രം വ്യാജമല്ലെന്നു തെളിയിക്കേണ്ട ബാധ്യതയുള്ളതിനാൽ കോടതി കേസ് പരിഗണിക്കട്ടെയെന്ന നിലപാടാണ് ഉഷ സ്വീകരിച്ചത്. ഇതോടെ മധ്യസ്ഥ ചർച്ച അവസാനിച്ചു.
മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളെന്നു കോടതിയിൽ സത്യവാങ്മൂലം. 33 വസ്തു വകകളുടെ പൂർണ വിവരങ്ങൾ മകൾ ഉഷ മോഹൻദാസ് ഹാജരാക്കിയ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മാത്രവുമല്ല കൊടൈക്കനാലിൽ ഇരുനില കെട്ടിടം, വാളകത്ത് രാമവിലാസം ഹയർ സെക്കൻഡറി സ്കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാർത്താണ്ഡൻകര തിങ്കൾകരിക്കത്ത് സ്കൂൾ, അറക്കൽ വില്ലേജിൽ രാമവിലാസം ബിഎഡ് കോളജ് എന്നിവയും പട്ടികയിൽ ഉണ്ട്. 270 പവൻ സ്വർണാഭരണങ്ങളും ആർ.ബാലകൃഷ്ണപിള്ളയുടെ പേരിൽ ഉണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

















