തിരുവനന്തപുരം: മന്ത്രിമാർക്കായി പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ടൂറിസം വകുപ്പിന്റെ ശിപാർശ. കാലപ്പഴക്കത്തെ തുടർന്നാണ് മന്ത്രിമാരുടെ കാറുകള്‍ മാറാൻ ടൂറിസം വകുപ്പ് ശിപാർശ നൽകിയത്. ഇക്കാര്യം ധനവകുപ്പ് പരിശോധിച്ചു വരികയാണ്.
മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ മൂന്നു വർഷം സേവന കാലാവധിയോ കഴിയുമ്പോൾ മാറി നൽകും. ഇപ്പോൾ മന്ത്രിമാർ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും കഴിഞ്ഞ സർക്കാരിന്റെ കാലത്തു വാങ്ങിയവയാണ്. മിക്കവയും ഒന്നരലക്ഷം കിലോമീറ്റർ പിന്നിട്ടു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം മുഖ്യമന്ത്രിക്കു മാത്രമാണ് പുതിയ കാർ ലഭിച്ചത്. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ അടുത്തിടെ പൊട്ടിത്തെറിച്ചിരുന്നു.
സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്. സർക്കാർ വാഹനങ്ങൾ 10 വർഷം സേവന കാലാവധിയോ മൂന്നു ലക്ഷം കിലോമീറ്ററോ പിന്നിടുമ്പോഴാണ് സാധാരണയായി സേവനത്തിൽനിന്ന് മാറ്റുന്നതെന്നു ടൂറിസം വകുപ്പിലെ വാഹനങ്ങളുടെ ചുമതലയുള്ള അസി. എൻജീനീയർ പറഞ്ഞു.
മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ മൂന്നു വർഷം സേവന കാലാവധിയോ കഴിയുമ്പോൾ മാറി നൽകും. സർക്കാർ വാഹനങ്ങളിലെ ടയർ 32,000 കിലോമീറ്റര്‍ കഴിയുമ്പോഴോ അതിനു മുൻപ് തേയ്മാനം സംഭവിച്ചാലോ മാറും. മന്ത്രിമാരുടെ വാഹനത്തിനു ടയർ മാറുന്നതിനു കിലോമീറ്റർ നിശ്ചയിച്ചിട്ടില്ല. തേയ്മാനം സംഭവിച്ചതായി ഓഫിസ് ഔദ്യോഗികമായി അറിയിച്ചാൽ മാറി നൽകും.

















