തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്ക് വിടരുതെന്ന മുസ്‍ലിം മതസംഘടനകളുടെ പൊതുവികാരത്തെ മാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ. വഖഫ് ബോർഡിലെ ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടുന്നതിനുള്ള നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നു വിളിച്ചുചേർത്ത മതസംഘടനാ പ്രതിനിധികളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ 11 സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന് യോഗത്തിൽ ആരും ആവശ്യപ്പെട്ടിട്ടില്ല. മുഴുവൻ സംഘടനാ പ്രതിനിധികളും ഒറ്റക്കെട്ടായിരുന്നു. വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതിൽ എല്ലാവരും എതിർപ്പ് അറിയിച്ചു. അതിന്റെ അപ്രായോഗികത വെളിപ്പെടുത്തുകയും ചെയ്തതായി അബ്ദുസ്സമദ് പൂക്കോട്ടൂർ വെളിപ്പെടുത്തി.
പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എല്ലാവരുടേയും വികാരം മാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിലെ അപ്രായോഗികത മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്ക് സാധിച്ചതായും സമസ്ത നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജ്യത്ത് എവിടെയും വഖഫ് ബോര്‍ഡ് നിയമനം മറ്റൊരു ബോര്‍ഡിനായി വിട്ടുകൊടുത്തിട്ടില്ലെന്ന് നേതാക്കള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി. കേരളം ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോയാല്‍ വഖഫ് സ്വത്തുക്കളുടെ കാര്യത്തില്‍ അത് വലിയ പ്രത്യാഘാതം രാജ്യത്ത് സൃഷ്ടിക്കുമെന്നും സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
സംസ്ഥാന വഖഫ് ബോഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെ പാസാക്കിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ 9 നാണ്. പിന്നാലെ മുസ്ലിംസംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലിം ലീഗായിരുന്നു സമരങ്ങളുടെ മുന്നില്‍. സമസ്തയുടെ ഇരുവിഭാഗത്തെയും മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതും സമരരീതികളെ ചൊല്ലി സമസ്ത ഇകെ വിഭാഗവും മുസ്ലിംലീഗും തമ്മിലുണ്ടായ അഭിപ്രായഭിന്നതയും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയാക്കി.
വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്ന കാര്യത്തിൽ മുസ്‌ലിം സംഘടനകളുമായി കൂടിയാലോചിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതിനു പിന്നാലെ, നിയമഭേദഗതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ നിയമസഭയെ അറിയിച്ചിരുന്നു. ഇതിനെതിരെ സമസ്തയടക്കമുള്ള മുസ്‌ലിം സംഘടനകൾ പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. മുസ്‌ലിം ലീഗിന്റെയും സമസ്ത ഇ.കെ, എ.പി വിഭാഗങ്ങൾ, മുജാഹിദ് ഇരുവിഭാഗങ്ങൾ തുടങ്ങിയ സംഘടനകളുടെയും പ്രതിനിധികളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്.

















