ഇസ്ലാമാബാദിൽ കുറെ ദിവസങ്ങളിലായി നടന്ന നാടകീയ സംഭവങ്ങളും തുടർന്ന് ഇമ്രാൻഖാന് അധികാരം നഷ്ടമായതും ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായതുമെല്ലാം പെട്ടന്നായിരുന്നു. പട്ടാളത്തിന്റെ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ജനാധിപത്യമാണ് പാകിസ്ഥാനിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ പട്ടാളത്തിന്റെ കടിഞ്ഞാൺ വലികൾ തന്നെയാണ് ഇതിന്റെ പിന്നിലെന്ന് പകൽപോലെ വ്യക്തമാണ്. പാകിസ്ഥാനിൽ ഒരു പ്രധാനമന്ത്രിയും അഞ്ച് വർഷമെന്ന ഭരണകാലാവധി തികച്ചിട്ടില്ല. മാർച്ച് എട്ട് മുതൽ പലകാരണങ്ങൾ പറഞ്ഞ് അവിശ്വാസ വോട്ടെടുപ്പ് മാറ്റിവയ്ക്കുകയും ഇമ്രാൻ ഖാൻ അവസാന നിമിഷം വരെ അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ശ്രമം നടത്തുകയും ചെയ്തെങ്കിലും അതെല്ലാം വിഫലമായി.
പാകിസ്ഥാൻ നാഷണൽ അസംബ്ളിയിൽ 342 സീറ്റാണുള്ളത്. അവിശ്വാസ പ്രമേയം വിജയിക്കാൻ 172 വോട്ടാണ് വേണ്ടത്. പ്രധാനമന്ത്രിയായ ഷഹബാസിന് 174 വോട്ടാണ് ലഭിച്ചത്. അതൊരു വലിയ ഭൂരിപക്ഷമല്ല. അതുകൊണ്ടുതന്നെ പലവിധ സമ്മർദ്ദങ്ങൾക്കും അടിപ്പെട്ടാകും ഷഹബാസ് പാകിസ്ഥാനെ മുന്നോട്ട് നയിക്കുക. പ്രധാനമന്ത്രിയായതിനുശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽത്തന്നെ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ പക്കലുള്ള ഏക തുറുപ്പുചീട്ടായ കാശ്മീർ വിഷയം ഉയർത്തിക്കാട്ടിയെങ്കിലും അത് ഫലിച്ചില്ല. കാരണം കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് കാപട്യമില്ലാത്തതും സുശക്തവുമാണെന്ന് ലോകരാജ്യങ്ങൾക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്ന കാലഘട്ടമാണിത്.
കാശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക അവകാശം ഇല്ലാതാക്കിയപ്പോൾ അതിനെതിരെ ഭീകരസംഘടനകളുടെ രൂക്ഷമായ പ്രതികരണം പലരും പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല. അങ്ങനെയുണ്ടായാൽ അതിന് ചുക്കാൻ പിടിക്കുന്നവരുടെ മടയിൽ ചെന്ന് തിരിച്ചടിക്കുമെന്ന് ഇന്ത്യ പലതവണ തെളിയിച്ചിട്ടുണ്ട്. വർത്തമാനങ്ങളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് ഇന്ത്യ ഇപ്പോൾ പ്രതികരിക്കുന്നത്. അക്കാര്യം പാകിസ്ഥാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ ദിവസം ഷഹബാസ് നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുമായി സമാധാനത്തിലൂന്നിയ സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നതെന്ന് എടുത്തുപറയുകയും ഭീകരർക്കെതിരെയുള്ള പോരാട്ടത്തിൽ പാകിസ്ഥാന് സഹിക്കേണ്ടിവന്ന ത്യാഗങ്ങളെക്കുറിച്ച് പരിതപിക്കുകയും ചെയ്തതിൽ നിന്നുതന്നെ ഇന്ത്യാ വിരുദ്ധതയിൽ മാത്രം ഊന്നി നിന്ന് അധികകാലം മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായിരിക്കുകയാണ്.
തുടക്കത്തിൽ ഇമ്രാൻ ഖാനും ഇന്ത്യാ വിരുദ്ധതയ്ക്ക് തന്നെയാണ് മുൻതൂക്കം നൽകിയത്. അവസാനം അധികാരം നഷ്ടമാവുമെന്ന് വന്നപ്പോഴാണ് അമേരിക്കയാണ് അട്ടിമറിക്ക് പിന്നിലെന്ന് തുറന്നുപറയാൻ ഒരുമ്പെട്ടത്. ഇന്ത്യയെക്കുറിച്ച് ചില നല്ല വാക്കുകൾ പറയാനും മറന്നില്ല. പക്ഷേ അധികാരത്തിലിരിക്കുമ്പോൾ ഒരു പാകിസ്ഥാൻ ഭരണാധികാരിക്കും ഇന്ത്യയെ ശത്രുപക്ഷത്തല്ലാതെ കാണാൻ കഴിയില്ല. മറിച്ച് ഇന്ത്യയെ വീക്ഷിക്കാനുള്ള സമ്മതം പട്ടാള നേതൃത്വം അനുവദിക്കില്ലെന്ന് വിലയിരുത്തുന്നതാവും കൂടുതൽ ശരി. സാമ്പത്തികമായി പാകിസ്ഥാൻ വളരെ പരിതാപകരമായ അവസ്ഥയിലാണ്. ആഭ്യന്തര വികസനവും തുലോം പിറകോട്ടാണ്. ഇതൊക്ക വിദേശസഹായം കൊണ്ട് മാത്രം ശരിയാക്കാൻ പറ്റുന്ന കാര്യങ്ങളല്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ നിന്ന് പാകിസ്ഥാന് പഠിക്കാൻ പാഠങ്ങളേറെയാണ്.
ഇന്ത്യയുമായി നല്ല ബന്ധമാണ് ഇപ്പോൾ നടക്കുന്നത്. ഇത് എപ്പോൾ മാറിമറിയുമെന്ന് പറയാനാകില്ല. ഇന്ത്യയും പാകിസ്താനും സമാധാനം ഉറപ്പാക്കണമെന്നും ജനങ്ങളുടെ സമൂഹിക-സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനത്തിന് മറുപടിയായാണ് ഷഹബാസ് ഷരീഫ് ഇങ്ങനെ പറഞ്ഞത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് നന്ദി. ഇന്ത്യയുമായി സമാധാനപരവും പരസ്പര സഹകരണത്തില്‍ ഊന്നിയതുമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. കശ്മീര്‍ വിഷയത്തിലുള്‍പ്പെടെ, സമാധാനപരമായ ഒത്തുതീര്‍പ്പ് ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താന്റെ ത്യാഗം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സമാധാനം ഉറപ്പാക്കണമെന്നും ജനങ്ങളുടെ സമൂഹിക, സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കശ്മീരിനുവേണ്ടി സാധ്യമായ എല്ലാ വേദികളിലും ശബ്ദിക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. അവര്‍ക്കായി എല്ലാ പിന്തുണയും നല്‍കും. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, കശ്മീര്‍വിഷയം പരിഹരിക്കാതെ അത് സാധ്യമാകില്ലെന്ന് ഷഹബാസ് പറഞ്ഞു. നേരത്തെ, പാക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. സമാധാനവും സ്ഥിരതയുമുള്ള, ഭീകരപ്രവർത്തനങ്ങള്‍ ഇല്ലാത്ത പ്രദേശം ഉണ്ടാകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയൂ എന്നും ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാന്‍ കഴിയൂ എന്നും ട്വിറ്ററില്‍ കുറിച്ച അഭിനന്ദന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.