മസ്കത്ത്: 2020 ലെ പ്രയാസകരമായ ഘട്ടത്തിനുശേഷം ഒമാൻ സാമ്പത്തികവ്യവസ്ഥ ശക്തിപ്രാപിക്കുന്നതായി ലോക ബാങ്ക്. മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞതും എണ്ണ ഉൽപാദനം വർധിച്ചതും സർക്കാറിൻറെ വിപുലമായ സാമ്പത്തിക പരിഷ്കാരങ്ങളുമാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് ഈവർഷം ഏപ്രിലിലെ ജി.സി.സി സാമ്പത്തിക റിപ്പോർട്ടിൽ ലോക ബാങ്ക് വ്യക്തമാക്കുന്നു. വാറ്റ്, 2022 മുതൽ ചെലവുചുരുക്കൽ പരിഷ്കരണങ്ങൾ കാരണം രാജ്യത്തെ കമ്മി ബജറ്റ് മിച്ച ബജറ്റിലേക്കാണ് നീങ്ങുന്നത്. മഹാമാരിയുടെ പാർശ്വഫലങ്ങൾ കുറഞ്ഞത്, എണ്ണവിലയിലെ വർധന, എണ്ണ ഉൽപാദനം കൂടിയത്, എണ്ണയിതര വരുമാനം വർധിച്ചത്, ചെലവു ചുരുക്കി സാമ്പത്തികമേഖല ശക്തിപ്പെടുത്തിയതടകമുള്ള കാര്യങ്ങളാണ് രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. കഴിഞ്ഞവർഷം 2.1 ശതമാനമായിരുന്നു രാജ്യത്തിൻറെ സാമ്പത്തിക വളർച്ച. കഴിഞ്ഞ വർഷം എണ്ണയിൽനിന്നുള്ള ആഭ്യന്തര സാമ്പത്തിക വളർച്ച 2.2 ശതമാനമായും വർധിച്ചിരുന്നു. എണ്ണയിതര മേഖലകളിൽനിന്നുള്ള ആഭ്യന്തര സാമ്പത്തിക വളർച്ചയും രണ്ടുശതമാനം കൂടിയിരുന്നു. വാക്സിനേഷൻ കാരണം രാജ്യത്തിലെ വിനോദസഞ്ചാരം, ചില്ലറ വ്യാപാര മേഖല തുടങ്ങിയവയിൽ വളർച്ചയുണ്ടായി. 2020 ലുണ്ടായ പണപ്പെരുപ്പം കുറയാനും പരിഷ്കരണങ്ങൾ വഴിയൊരുക്കി.
















