കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. വിഷുദിനത്തിലാണ് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം നടന്നത്. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ കാറിലുള്ള കൊലയാളി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ. പ്രതികൾ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാറ എന്ന സ്ഥലത്തുനിന്നാണ് കൊല നടത്താനായി കാറിൽ പുറപ്പെട്ടതെന്നാണ് വിവരം. ഉച്ചക്ക് ഒന്നേമുക്കാലിനാണ് കൊല നടന്നത്. തുടർന്ന് വന്നവഴിക്ക് തന്നെ മടങ്ങിയ പ്രതികളിൽ നാലുപേരെ വഴിയിൽ ഇറക്കിയശേഷം രമേശ് കാർ കഞ്ചിക്കോടിനുസമീപം വ്യവസായ കേന്ദ്രത്തിൽ ഉപേക്ഷിച്ചെന്നാണ് സൂചന. സുബൈറിന്‍റെ ശരീരത്തിൽ 50ലധികം വെട്ടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്ന് രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക റിപ്പോർട്ട്. മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാൽ നാലു മണിക്കൂറോളമെടുത്താണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്.
നാടിനേറ്റ ഈ മുറിവ് ഉണങ്ങും മുൻപാണ് മറ്റൊരു കൊലപാതകം കൂടി നടന്നത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം നടത്തിയത്. പാലക്കാട് നോർത്ത് കസബ സ്റ്റേഷൻ പരിധിയാലണ് സംഭവം. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു.
രാഷ്ട്രീയകൊലപാതകങ്ങള്‍ കേരളത്തില്‍ പുതിയസംഭവമല്ല. ആളുകളും ഇരകളും മാറുന്നുവെന്ന് മാത്രം. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കണ്ണൂരില്‍ രാഷ്ട്രീയഎതിരാളികളെ കൊന്നുതള്ളിയ സംഭവങ്ങളെല്ലാം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. പക്ഷേ പലകേസുകളിലും യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. ഓരോ രാഷ്ട്രീയനേതൃത്വവും അവരെ രക്ഷിച്ചെടുത്ത് വീണ്ടും കൊലപാതകങ്ങളുടെ എണ്ണം കൂട്ടുകയാണ്. മത്സ്യത്തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസന്റെ കൊലപാതക വാർത്തയുടെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. ജോലി കഴിഞ്ഞു മടങ്ങവെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടക്കുന്നത്. രണ്ടു ബൈക്കുകളിലായെത്തിയ സംഘം ഹരിദാസിനെ വീടിനു മുന്നിൽവച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർ ഹരിദാസിനെ തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാൻ കഴിയാത്ത വിധമാണ്. ഒരേ വെട്ടിൽ തന്നെ തുടരെ വെട്ടി. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഇതൊരു രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ട്വന്റി20 അഞ്ചാം വാർഡ് ഏരിയ സെക്രട്ടറി സി.കെ. ദീപുവിന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ഈ കൊലപാതകം നടന്നത്. ദീപു എന്ന ചെറുപ്പക്കാരൻ ആക്രമിക്കപ്പെട്ടത് കുറച്ച് ദിവസങ്ങൾക്ക് മുൻമ്പായിരുന്നു. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ദീപു ചികിത്സയിലിരിക്കെയാണ് മരിച്ചത്. ട്വന്റി-20 യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്.ഐ.ആറിലുണ്ട്.
ദിവസങ്ങളുടെ വ്യത്യാസത്തില്‍ കണ്ണൂരില്‍ കൊലചെയ്യപ്പെട്ട ചില ഇരകളുണ്ട്. അവരെ കേരളം മറന്നു കാണില്ല. ഡിവൈഎഫ്ഐ വെമ്പായം തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മുപ്പതുകാരന്‍ മിഥിലാജ്, ഡിവൈഎഫ്ഐ പേരുമല കലുങ്കിന്‍മുഖം യൂണിറ്റ് സെക്രട്ടറി ഇരുപത്തിനാലുകാരന്‍ ഹഖ്മുഹമ്മദ് എന്നിവരെ അത്രപെട്ടെന്ന് കേരളം മറക്കില്ല. തിരുവോണനാളിന്റെ തലേന്ന് വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി ബൈക്കില്‍ യാത്ര തുടങ്ങിയതായിരുന്നു മിഥിലാജും ഹക്ക് മുഹമ്മദും. വീട്ടില്‍ കാത്തിരിക്കുന്ന കുടുംബത്തിന്റെ അടുത്തേക്കുള്ള യാത്ര ആയിരുന്നു അത്. ബൈക്ക് തലയില്‍ റോഡിലെത്തിയപ്പോള്‍ കാത്തിരുന്ന അക്രമിസംഘം ഇരുവരേയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷഹീനാണ് ആക്രമണവിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ഇടനെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മിഥിലാജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വെഞ്ഞാറമൂട്ടിലെ സ്വകാര്യആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഹഖും മരണത്തിന് കീഴടങ്ങി. തിരുവോണനാളില്‍ വെള്ളത്തുണ്ണിയില്‍ പൊതിഞ്ഞാണ് ഇരുവരും അവസാനമായി പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് പോയത്.
തീർന്നില്ല രാഷ്ട്രീയ കൊലപാതകത്തിലെ ഇരകളുടെ പേരുകൾ. നമ്മൾ മറക്കാത്ത കുറെ മുഖങ്ങളുണ്ട് ഇതിൽ. രഞ്ജിത്ത് ശ്രീനിവാസൻ, അഡ്വ. കെ.എസ്. ഷാൻ, സന്ദീപ്, സഞ്ജിത്, അഭിമന്യു, നന്ദു ആർ. കൃഷ്ണ, മൻസൂർ പാറാൽ, നിധിൽ, മണിലാൽ, ഇസ്ഹാഖ്, നൗഷാദ്, പ്രവീൺ രാജ്, എസ്.പി. ഷുഹൈബ്, ശരത് ലാൽ, കൃപേഷ് കൃഷ്ണൻ… ഇങ്ങനെ നിരവധി പേരുണ്ട് രാഷ്ട്രീയ കൊലക്ക് ഇരയായവർ. കൊലയുടെ കാരണങ്ങള്‍ എന്തുമാകാം, കുറ്റവാളികള്‍ ആരുമാകാം, പക്ഷേ എല്ലായിടത്തും ഇരകള്‍ അവരുടെ കുടുംബമാണ്. അച്ഛനും അമ്മയും ഭാര്യയും കുട്ടികളും എല്ലാം ആണ് ഇരകൾ. രാഷ്ട്രീയകൊലപാതകം ഇനി ഉണ്ടാകരുതെന്ന് ആവര്‍ത്തിച്ച് ഈ കുടുംബങ്ങൾ പറയുമ്പോഴും, ആരും അത് കേള്‍ക്കുന്നില്ല. സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കൊലപാതക പരമ്പരകൾ തുടരുകയാണ്. ഒരു മനസാക്ഷിക്കും തടയാന്‍ കഴിയില്ല രാഷ്ട്രീയകൊലയെന്ന് പൊതുജനത്തെ വെല്ലുവിളിക്കുകയാണ് ഇത്തരക്കാർ. എന്തു കാരണം കൊണ്ടാണെങ്കിലും ആര്‍ക്കുവേണ്ടി ചെയ്തതാണെങ്കിലും കൊലനടത്തിയവര്‍ എന്നും കുറ്റവാളികള്‍ തന്നെയാണ്. അവരെ രക്ഷിച്ചെടുക്കാന്‍ കാണിക്കുന്ന പതിവുനീക്കം രാഷ്ട്രീയനേതൃത്വം ഇനിയും കാണിക്കരുത് എന്ന അപേക്ഷ മാത്രമേ ഇത്തരക്കാരോട് പറയാനൊള്ളൂ.