കെ സ്വിഫ്ട് ഓടിത്തുടങ്ങി നാല് ദിവസം പിന്നിടുമ്പോൾ ഇതുവരെ ഉണ്ടാക്കിയത് നിരവധി അപകടങ്ങളാണ്. ഇതുവരെ ഉണ്ടായ അപകടങ്ങളിൽ ആളപായം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് കെ എസ് ആർ ടി സി സ്വിഫ്ട് ബസിടിച്ച് ഒരാൾക്ക് ജീവൻ നഷ്ടമായി. തൃശൂർ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെ ഉണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. ചായകുടിക്കാനായി റോഡുമുറിച്ചു കടക്കവെ അതിവേഗത്തിൽ എത്തിയ ബസ് പരസ്വാമിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാാനായില്ല.
അപകടത്തിനുശേഷം ബസ് നിറുത്താതെ പോയെന്നും റിപ്പോർട്ടുണ്ട്. അപകടം സംഭവിച്ചത് ഡ്രൈവർ അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. തൃശൂർ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. നാലുദിവസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെ എസ് ആർ ടി സി സ്വിഫ്ട് നിരവധി അപകടങ്ങൾ ഉണ്ടാക്കിയെങ്കിലും ജീവൻ നഷ്ടമാകുന്നത് ഇത് ആദ്യമായാണ്. ഇക്കഴിഞ്ഞ പതിനൊന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഒഫ് ചെയ്ത് ഇരുപത്തിനാലുമണിക്കൂറിനിടെ തന്നെ ആദ്യരണ്ട് അപകടങ്ങൾ ഉണ്ടായി.
ആദ്യത്തെ അപകടം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുവച്ചായിരുന്നു. പിറ്റേദിവസം രാവിലെ പത്തരയോടെ കോട്ടയ്ക്കലിൽ വച്ചായിരുന്നു രണ്ടാമത്തെ അപകടം. മൂന്നാമത്തെ അപകടവും കോട്ടയ്ക്കലിൽ തന്നെയായിരുന്നു. മൂന്ന് അപകടത്തിലും ബസിന് കേടുപാടുകളുണ്ടായിരുന്നു. ആദ്യ രണ്ട് അപകടങ്ങളും ഉണ്ടായതിൽ ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന അധികൃതരുടെ വിലയിരുത്തലിനെ തുടർന്ന് രണ്ട് ഡ്രൈവർമാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയാണ്. സ്വിഫ്ടിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. ഇവരിൽ ഭൂരിപക്ഷവും വോൾവോ ഉൾപ്പടെയുള്ള പുതുതലമുറ ബസുകൾ ഓടിച്ച് പരിചയമില്ലാത്തവരാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ബസുകൾ തുടരെത്തുടരെ അപകടത്തിൽപ്പെടുന്നത്.
തുടർച്ചയായുള്ള അപകടത്തിൽ ദുരൂഹത ആരോപിച്ച് കെ എസ് ആർ ടി സി എം.ഡി ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ ലോബികൾ ആണ് അപകടത്തിന് പിന്നിലെന്നാണ് കെ എസ് ആർ ടി സി വ്യക്തമാക്കുന്നത്. കേരളത്തിലെ പൊതു ഗതാഗത മേഖലയിൽ പുതിയൊരു തുടക്കം എന്ന അവകാശം ഉയർത്തി ആണ് കെ എസ് ആർ ടി സി സിഫ്റ്റ് സർവ്വീസിന് തുടക്കം കുറിച്ചിരുന്നത്. ദീർഘ കാല സർവീസുകൾ ആണ് കെ സ്വിഫ്റ്റിൽ ഉൾപ്പെടുക. സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമ്പനി സർവീസ് ആണിത്. സർവീസുകൾക്കായി സർക്കാർ 110 കോടി രൂപ അനുവദിച്ചിരുന്നു. 116 ബസ്സുകളാണ് സർവീസിനായി തുടക്കം കുറിച്ചത്. ഇതിൽ 8 എസി സ്ളീപ്പറും 20 എസി സെമി സ്ളീപ്പറും ഉൾപ്പെടുന്നുണ്ട്.
ശമ്പള വിതരണം വൈകുന്നു എന്ന ആക്ഷേപം കെ എസ് ആർ ടി സി യിൽ ഇപ്പോഴും നില നിൽക്കുകയാണ്. ഇതിന് പിന്നാലെ ജീവനക്കാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങളെ ഭയന്ന് സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി നിശ്ചയിച്ചാണ് കെ സ്വിഫ്റ്റിന്റെ ഉദ്ഘാടന ചടങ്ങ് നടന്നിരുന്നത്. സുരക്ഷിതത്വം, ന്യായമായ നിരക്ക്, യാത്രാ സുഖം എന്നിവയാണ് കെ എസ് ആർ ടി സി കെ സ്വിഫ്റ്റിലൂടെ അധികൃതർ ഉറപ്പ് നൽകുന്നത്. എന്നാൽ, ഈ ഉറപ്പുകളെ തകർത്തുന്ന രീതിലുളള അപകട സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബംഗളൂരുവിലേക്കാണ് കെ സ്വിഫ്റ്റിന്റെ ആദ്യ സർവീസ് ആരംഭിച്ചത്. സർക്കാർ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങിയത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതിൽ ഏട്ട് എണ്ണം എ സി സ്ലീപ്പറും. 20 ബസുകൾ എ സി സെമി സ്ലീപ്പറുകളാണ്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക.
കെ സ്വിഫ്റ്റിൽ നിയമന നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. നിയമനം പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്ന നിർദേശത്തോടെയാണ് നിയമനവുമായി മുന്നോട്ട് പോകാൻ സർക്കാർ കെ സ്വിഫിറ്റിന് അനുമതി നൽകിയത്. നിയമനത്തിൽ എം പാനൽ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കെ സ്വിഫ്റ്റ് നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ കമ്പനിയുടെ മുന്നോട്ടുള്ള പോക്ക് ആദ്യം പ്രതിസന്ധിയിലായത്.
എന്നാല്‍ പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടിഡിഎഫും, കെഎസ്ടി എംപ്ളോയീസ് സംഘും ആണ് പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. കെഎസ്ആര്‍ടിസിയുടെ റൂട്ടോ ബസ്സോ മറ്റൊരു കമ്പനിക്ക് കൈമാറാന്‍ നിയമമില്ല എന്നായിരുന്നു പ്രധാന വാദം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള ബസ്സ് സ്വതന്ത്ര കമ്പനിക്ക് നല്‍കുന്നത് സ്റ്റേററ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസെ തകര്‍ക്കുമെന്നും ആക്ഷേപം ഉയര്‍ന്നു. ഈ സഹാചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. റൂട്ടും ബസ്സും കൈമാറില്ല. പകരം കെ സ്വിഫ്റ്റ് വാങ്ങുന്ന ബസ്സുകള്‍ കെഎസ്ആര്‍സിക്ക് വാടകക്ക് നല്‍കും എന്നാണ് പുതിയ നിലപാടായി ഹൈക്കോടതിയിൽ അറിയിച്ചത്.
കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് കെ സ്വിഫ്റ്റ്. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള സര്‍വ്വീസുകളും, പുതിയ ബസ്സുകളും കെ സ്വിഫ്റ്റിലേക്ക് മാറ്റും, ലാഭത്തില്‍ നിന്ന് തരിച്ചടവ് ഉറപ്പാക്കും ഇതാണ് കെ സ്വിഫ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. കെ സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുടെ അവിഭാജ്യ ഘടകമാണെന്നും പത്ത് വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെഎസ്ആർടിസിക്ക് വന്നു ചേരുമെന്നും സർക്കാർ വിശദീകരിക്കുന്നു. കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ എസ് ആർ ടി സി സർവീസുകളിലേതിന് സമാനമായിരിക്കും.