നമ്മുടെ ശരീരത്തിൽ സിങ്ക് വളരെ ചെറിയ അളവിൽ മാത്രമേ ആവശ്യമുള്ളൂവെങ്കിലും, മികച്ച പ്രതിരോധശേഷിയ്ക്കും മെറ്റാബോളിസം വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ പ്രധാനമാണ്. മെഡിക്കൽ മാനദണ്ഡങ്ങൾ അനുസരിച്ച്, പ്രായപൂർത്തിയായ ഒരു പുരുഷന് പ്രതിദിനം 11 മില്ലിഗ്രാം സിങ്ക് ആവശ്യമാണ്. അതേസമയം പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്ക് 8 മില്ലിഗ്രാം സിങ്കാണ് ആവശ്യം.
സിങ്ക് കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നു. സിങ്കിന്റെ കുറവ് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും കോവിഡ് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തിന്റെ പ്രതിരോധശേഷി മറികടന്ന് അണുബാധ ശരീരത്തിൽ പ്രവേശിച്ചാൽ അതിൽ നിന്ന് രക്ഷനേടാൻ സിങ്ക് സഹായിക്കും.
ശരീരത്തിലെ സിങ്കിന്റെ അപര്യാപ്തതയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന് രുചിയും മണവും നഷ്ടപ്പെടുന്നത്. വിശപ്പില്ലായ്മ, വയറിളക്കം, മുറിവ് ഉണങ്ങാനെടുക്കുന്ന കാലതാമസം എന്നിവയും സിങ്കിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. സിങ്കിന്റെ അപര്യാപ്തത, പുരുഷന്മാരിൽ ബലഹീനത, വന്ധ്യത, കണ്ണ്, ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഈ കുറവ് ചില സന്ദർഭങ്ങളിൽ പെട്ടന്ന് ശരീരഭാരം കുറയാനും മാനസിക പ്രശ്നങ്ങൾക്കും കാരണമാകും.
ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ആരോഗ്യകരമായ അളവിൽ സിങ്ക് നിലനിർത്താൻ, നിങ്ങളുടെ ഭക്ഷണത്തിൽ ഇറച്ചി, കോഴി, കടൽ വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തണം. ധാന്യങ്ങൾ, ഫോർട്ടിഫൈഡ് ബ്രേക്ക്ഫാസ്റ്റ് എന്നിവയും സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്. പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്.
















