സുൽത്താൻബത്തേരി: നൂൽപ്പുഴ പഞ്ചായത്തിൽ ലൈഫ് പദ്ധതിക്ക് (Life Project) കീഴിൽ ആദിവാസികൾക്കായി നിർമിക്കുന്ന വീടുകളുടെ നിർമാണം ഫണ്ടില്ലാത്തതിന് തുടർന്ന് അനിശ്ചിതവസ്ഥയിലായി. കൃത്യമായ ആസൂത്രണത്തോടെയും സമയബന്ധിതമായും പ്രവൃത്തി തീർത്ത് ഗുണഭോക്താക്കൾക്ക് കൈമാറേണ്ട വീടുകളാണ് തറയിലും പാതിചുമരിലുമൊക്കെയായി വേനൽമഴയും വെയിലുമേറ്റ് കിടക്കുന്നത്. 2020-21 സാമ്പത്തികവർഷത്തെ ലൈഫ് ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേർക്കും ഫണ്ട് ലഭിക്കാത്തതിനാൽ ഇതുവരെ വീടിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ചിലർ വീടുകളുടെ നിർമാണ ഘട്ടങ്ങൾ പൂർത്തിയാക്കി പണത്തിനായി ഓഫീസുകളിൽ പോയി നിരാശരായി മടങ്ങുകയാണ്. 275 പട്ടികവർഗ കുടുംബങ്ങളും 20 പട്ടികജാതി കുടുംബങ്ങളുമാണ് നൂൽപ്പുഴ പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കൾ. ഇവരിൽ 105 പട്ടികവർഗ കുടുംബങ്ങളും അഞ്ച് പട്ടികജാതി കുടുംബങ്ങളും വീട് പണി പൂർത്തീകരിച്ചെങ്കിലും ആകെ മൂന്നു കുടുംബങ്ങൾക്ക് മാത്രമാണ് മുഴുവൻ തുകയും കൈമാറാനായിരിക്കുന്നത്. ബാക്കിയുള്ളവർക്ക് തുക ലഭിക്കാത്തതിനാൽ പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയാണ്. അഞ്ചുമാസമായിട്ടും തുക ലഭിക്കാത്തവർ വരെ ഇക്കൂട്ടത്തിലുണ്ട്.
പട്ടികവർഗ വിഭാഗങ്ങൾക്ക് ആറുലക്ഷം രൂപ, പട്ടികജാതി, ജനറൽ വിഭാഗങ്ങൾക്ക് നാലുലക്ഷം എന്നിങ്ങനെയാണ് ലൈഫിൽ വീട് നിർമിക്കാനായി നൽകുന്നത്. എന്നാൽ ലൈഫ് പദ്ധതിയിലേക്കുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭ്യമാക്കുന്ന പ്ലാൻഫണ്ടും, സംസ്ഥാന സർക്കാരിന്റെ വിഹിതവും, ട്രൈബൽ വകുപ്പിൽനിന്നുള്ള വിഹിതവും മാസങ്ങൾക്കുമുമ്പേ തീർന്നു. ഡിസംബറിന് ശേഷം ഫണ്ടുകളൊന്നും വന്നിട്ടില്ലെന്നാണ് വിവരം. ഹഡ്കോയിൽനിന്നുള്ള വായ്പാ ഉപയോഗിച്ചാണ് ഗുണഭോക്താക്കൾക്കുള്ള ബാക്കി തുക വിതരണംചെയ്യേണ്ടിയിരുന്നത്.
















