ലൈംഗികാതിക്രമത്തിന് യുകെ കോടതി 23 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച മലയാളി അരവിന്ദൻ ബാലകൃഷ്ണൻ എന്ന ‘സഖാവ് ബാല’ രണ്ടുദിവസം മുൻപ് മരണപ്പെട്ടിരുന്നു. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ എച്ച്എംപി ഡാർട്ട്മൂർ ജയിലിൽ വെച്ചാണ് മരണം. ലണ്ടനിൽ തീവ്രവാദ മാവോയിസ്റ്റ് പ്രവർത്തനം നടത്തുകയും മകൾ അടക്കം നിരവധി സ്ത്രീകളെ അടിമകളാക്കി പീഡിപ്പിക്കുകയും ചെയ്ത 81 കാരനെ 2016ലാണ് കോടതി ശിക്ഷിക്കുന്നത്. മകൾ കാർത്തി മോർഗൻ നടത്തിയ വെളിപ്പെടുത്തലോടെയാണ് സഖാവ് ബാലയുടെ കൊടും ക്രൂരതകൾ ലോകം അറിയുന്നത്. പിതാവ് 30 വർഷത്തിലേറെ തന്നെ തടവിലാക്കി പീഡിപ്പിച്ചതായി കാർത്തി വെളിപ്പെടുത്തി. ‘ഭയങ്കരവും മനുഷ്യത്വരഹിതവും തരംതാഴ്ത്തുന്നതും’ എന്നാണ് കാർത്തി തന്റെ അവസ്ഥയെ കോടതിയിൽ വിശേഷിപ്പിച്ചത്.
ആരാണ് സഖാവ് ബാല?
കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച ബാല എന്ന അരവിന്ദൻ ബാലകൃഷ്ണൻ അധികം വൈകാതെ സിംഗപ്പൂരിലെത്തി. ഇയാളുടെ പിതാവ് അവിടെ ഒരു സൈനികനായിരുന്നു. റൈഫിൾസ് ഇൻസ്റ്റിറ്റിയൂഷനിലും പിന്നീട് യൂണീവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലുമായി പഠനം പൂർത്തിയാക്കിയ ഇയാൾ വിദ്യാഭ്യാസകാലത്ത് പൊതുവെ ശാന്തനായ ഒരു വിദ്യാർത്ഥിയായിട്ടായിരുന്നു അറിയപെട്ടിരുന്നത്. എന്നാൽ, പരന്ന വായനയിലൂടെ നേടിയെടുത്ത ഇടതുപക്ഷാഭിമുഖ്യം ഇയാളെ ഒരു അതിതീവ്ര കമ്മ്യുണിസ്റ്റാക്കി മാറ്റുകയായിരുന്നു. ഒരു കമ്മ്യുണിസ്റ്റ് ആണെന്ന് തുറന്നു പറഞ്ഞ ഇയാളെ സിംഗപ്പൂരിൽ ശിക്ഷിച്ചേക്കുമെന്ന ഭയത്താൽ ഇയാൾ ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. കുടിയേറ്റ നിയമങ്ങൾ അത്ര കർക്കശമല്ലാതിരുന്ന 1960 കാലഘട്ടങ്ങളിൽ ആർക്കും അഭയമരുളുന്ന ലണ്ടൻ നഗരം ഇയാളെയും സ്വീകരിച്ചു.
വർക്കേഴ്സ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് മാർക്സിസം-ലെനിനിസം- മാവോ സേതുങ്ങ് തോട്ട് എന്ന സ്ഥപനത്തിന്റെ നേതൃത്വത്തിൽ എത്തിയതോടെ 1977-ൽ ഇയാളുടെ സിംഗപ്പൂർ പൗരത്വം റദ്ദാക്കപ്പെട്ടു. രാഷ്ട്ര സുരക്ഷയ്ക്ക് തന്നെ ഭീഷണിയായേക്കാവുന്ന തരത്തിൽ, മുൻവിധികളോടുകൂടിയ തീവ്ര ആശയങ്ങളുമായി നടക്കുന്നു എന്നായിരുന്നു പൗരത്വം റദ്ദാക്കാൻ കാണീച്ച കാരണം. മാത്രമല്ല, അരവിന്ദൻ ബാലകൃഷ്ണൻ അന്നത്തെ യൂറോപ്പിലുള്ള കമ്മ്യുണിസ്റ്റ് നേതാക്കളുമായി ചേർന്ന് സിംഗപ്പൂർ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപണമുയർന്നിരുന്നു. ഇതിനിടയിൽ 1971-ൽ ഇയാൾ ലണ്ടനിൽ സ്ഥിരതാമസമാക്കിയ ചന്ദ്രയെ വിവാഹവും കഴിച്ചിരുന്നു. അക്കാലത്ത് ലണ്ടനിലെ പ്രതിഷേധ പ്രകടനങ്ങളിലെല്ലാം മാവോ സേതുങ്ങിന്റെ ചിത്രവുമായി എത്തുന്ന ഇയാൾ ഒരു സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
നിരവധി ചെറു യോഗങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും തന്റെതായ ഒരു അനുയായി വൃന്ദത്തെ ഉണ്ടാക്കിയെടുക്കാൻ അരവിന്ദൻ ബാലകൃഷ്ണനായി. എന്നാൽ, വിഘടനവാദവും മറ്റും ആരോപിച്ച് ഇയാളെയും അനുയായി വൃന്ദത്തേയും 1974-ൽ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കുകയായിരുന്നു. പാർട്ടിക്കും തൊഴിലാളി പ്രസ്ഥാനങ്ങൾക്കുമെതിരെ ആരോപണങ്ങളുന്നയിച്ച് പാർട്ടിയേക്കാൾ വലിയ വിപ്ലവകാരികളായി മാറുവാനായിരുന്നു പിന്നീട് ഇയാളുടെയും അനുയായി വൃന്ദത്തിന്റെയും ശ്രമം. ഇതിന്റെ ഭാഗമായിട്ടായിരുന്നു വർക്കേഴ്സ് ഇൻസ്റ്റിറ്റിയുട്ട് സ്ഥാപിച്ചത്. 1974-76 കാലഘട്ടത്തിൽ ഇയാൾ സൗത്ത് ലണ്ടനിലെ തൊഴിലാളികൾക്കിടയിൽ സജീവമായിരുന്നു. തൊഴിലാളി യൂണിയനുകൾ സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ഏജന്റുമാരാണെന്നും അവയിൽ ചേരരുതെന്നുമായിരുന്നു ഇയാൾ തൊഴിലാളികളെ ഉപദേശിച്ചുകൊണ്ടിരുന്നത്. ഏതായാലും കാലക്രമേണ ഇയാളുടെ അതിതീവ്ര നിലപാടുകളോട് യോജിക്കാനാകാതെ അനുയായികൾ ഓരോരുത്തരായി പിരിഞ്ഞുപോകാൻ തുടങ്ങി. അവസാനം 10 വനിതാ അംഗങ്ങളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഇയാൾ ഒരു കൾട്ടിന് രൂപം കൊടുക്കുകയായിരുന്നു.
പിന്നീട് ബ്രിക്സ്റ്റണീലേക്ക് താമസം മാറ്റിയ ഇയാളും സംഘവും 1976-ൽ മാവോയുടെ മരണശേഷം അവിടെ ഒരു മാവോ മെമോറിയൽ കേന്ദ്രം ആരംഭിച്ചു. പിന്നീട് ഇവിടെയായി സഖാവ് ബാലയുടെ നേതൃത്വത്തിലുള്ള കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രം. 13 അംഗങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അതിൽ പകുതിപേർ പാർട്ട് ടൈം ജോലികളീൽ ഏർപ്പെട്ട് മുഴുവൻ പേർക്കും ചെലവിന് ആവശ്യമായ പണം കണ്ടെത്തിയിരുന്നപ്പോൾ ബാക്കിയുള്ളവർ വിപ്ലവം നടത്താനുള്ള മുഴുവൻ സമയ പ്രവർത്തനത്തിലായിരുന്നു. ഈകേന്ദ്രത്തിനകത്ത് കർശന നിയമങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആർക്കും ഒറ്റക്ക് പുറത്തുപോകാൻ അനുവാദം ഉണ്ടായിരുന്നില്ല. എന്നാൽ, 1978-ൽ ഇവിടം പൊലീസ് റെയ്ഡ് ചെയ്തതോടെ ഈ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം താറുമാറായി. പതിമൂന്നു പേരിൽ പകുതിയോളം പേർ പലവഴിക്ക് പിരിഞ്ഞപ്പോൾ സഖാവ് ബാലയുംആറു സ്ത്രീകളും വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസം തുടര്ന്നു. ഈ കാലഘട്ടത്തിലാണ് സഖാവിന്റെ കമ്മ്യുണിസത്തിൽ ആത്മീയത കലരുന്നത്.
1970 കളിൽ തൊഴിലാളികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് നേതാവായി പ്രവർത്തനം തുടങ്ങിയ ബാലകൃഷ്ണൻ, പിന്നീട് അതീന്ദ്രിയ ശക്തികൾ അവകാശപ്പെട്ട് അനുയായികളെ കൂടെ കൂട്ടിയിരുന്നു. തന്നെ ധിക്കരിച്ചാൽ കടുത്ത ശിക്ഷ കിട്ടുമെന്ന് വിശ്വസിപ്പിച്ച് നിരവധിപ്പേരെ ഇയാൾ അടിമകളാക്കി പീഡിപ്പിച്ചു. ദൈവതുല്യമായ ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ബാലകൃഷ്ണൻ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. സൗത്ത് ലണ്ടനിലെ വീട്ടിൽ മൂന്ന് പതിറ്റാണ്ടോളം ഇയാൾ വനിതാ അനുയായികളെ തടവിലിടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകളെ ആക്രമിക്കൽ, അന്യായമായി തടവിലാക്കൽ, ബാലപീഡനം തുടങ്ങി 16 കുറ്റങ്ങളാണ് ബാലകൃഷ്ണനെതിരെ ചുമത്തിയത്.
വിചാരണയ്ക്കിടെ ബലാൽസംഗ കുറ്റം നിഷേധിച്ച ബാലകൃഷ്ണൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയാത്ത അസൂയാലുക്കളായ സ്ത്രീകൾ തമ്മിലുള്ള മത്സരത്തിന്റെ ഇരയാണ് താനാണെന്ന് വാദിച്ചു. വനിതാപ്രവര്‍ത്തകരെ മുഴുവനും ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന കേസില്‍ ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ മാവോയിസ്റ്റ് നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മകളെ 30 വര്‍ഷം വീട്ടു തടങ്കലില്‍ ഇട്ടെന്ന കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ലണ്ടനിലെ സൗത്ത്വാര്‍ക്ക് കോടതിയുടേതാണ് വിധി.
കൊല്ലം സ്വദേശിയാണ് “സഖാവ് ബാല” എന്നറിയിപ്പെടുന്ന അരവിന്ദാക്ഷന്‍ ബാലൃഷ്ണന്‍. ബലാത്സംഗം അടക്കം 16 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. തനിക്ക് കീഴിലുണ്ടായിരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്തതില്‍ മകളുണ്ടാകുകയും അതിനെ പോലും മര്‍ദ്ദിക്കുകയും വീടുവിട്ടു പോകാനോ സ്‌കൂളില്‍ പോകാനോ മറ്റുള്ള കുട്ടികളുമായി കളിക്കാനോ അസുഖം വന്നാല്‍ ഡോക്ടറെ കാണാന്‍ പോകാനോ സമ്മതിക്കാതെ മാനസീകമായി പീഡിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. കുട്ടിയോട് താന്‍ പിതാവാണെന്നോ മാതാവ് ഏതാണെന്നോ പറയാന്‍പോലും കൂട്ടാക്കിയിരുന്നില്ല. 30 വയസ്സുള്ള ഈ കുട്ടി രണ്ടു വര്‍ഷം മുമ്പ് ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രമേഹം ബാധിച്ച് അസുഖം കടുത്ത നിലയിലാണ് ഇവര്‍ പോയത്. അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, ബലാത്സംഗം, ശാരീരികവും മാനസീകവുമായി പീഡനം തുടങ്ങി തനിക്കെതിരേ ഉയര്‍ന്ന കുറ്റമെല്ലാം ബാലകൃഷ്ണന്‍ കോടതിയില്‍ നിഷേധിച്ചു.
രക്ഷപെടാന്‍ പലര്‍ക്കും ഭയമായിരുന്നു. ബാലകൃഷ്ണന്റെ നിര്‍ദേശം പരിഗണിച്ചില്ലെങ്കില്‍ ഉപദ്രവിക്കുമോ എന്ന് ഇവര്‍ ഭയന്നിരുന്നു. 1980 മുതല്‍ ഇയാള്‍ തന്റെ അനുയായികളായ സ്ത്രീളെ ബലാത്സംഗം ചെയ്തു തുടങ്ങി. നിര്‍ബ്ബന്ധിതമായി പോര്‍ണോഗ്രാഫി എഴുതിപ്പിക്കുയും ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്തതായി 1989 ല്‍ ഇവിടെ നിന്നും രക്ഷപ്പെട്ട ഇരകളില്‍ ഒരാള്‍ പറഞ്ഞു. 1983 ല്‍ ബലാത്സംഗം ചെയ്യപ്പെട്ട ഇരകളില്‍ ഒരാളില്‍ ഇയാള്‍ക്ക് ഒരു മകളുണ്ടായി. നന്നേ കുട്ടിയായിരിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ മരിച്ചുപോയതായി കുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. അമ്മയെകുറിച്ച് ഈ കുട്ടി മനസ്സിലാക്കിയത് തന്നെ അവര്‍ മരിച്ച ശേഷമായിരുന്നു. 14 വര്‍ഷത്തിന് ശേഷം നടന്ന ഡി.എന്‍.എ ടെസ്റ്റിലൂടെയാണ് ബാലകൃഷ്ണയാണ് പിതാവെന്ന് കുട്ടി അറിഞ്ഞത്.