മനുഷ്യ ശരീരത്തിൽ ഏറ്റവും ദുർബലമായ ഭാഗങ്ങളിൽ ഒന്നാണ് കണ്ണുകൾ . കാഴ്ചയേക്കാൾ ഉപരി ശരീരത്തിന്റെ പല പ്രവർത്തങ്ങളിലും പ്രധാന പങ്ക് കണ്ണുകൾ വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ണിനുണ്ടാകുന്ന അസുഖങ്ങൾ വളരെ ഗൗരവത്തിൽ എടുക്കുകയും യഥാസമയം ചികിൽസിച്ച് ഭേദമാക്കുകയും വേണം.കണ്ണുകളിൽ നോക്കിയാൽ തിരിച്ചറിയാൻ കഴിയുന്ന ചില രോഗങ്ങളുടെ ലക്ഷണങ്ങൾ ഉണ്ട്.
കാൻസർ
സ്തനാർബുദ സാധ്യത കണ്ണിൽ നോക്കി തിരിച്ചറിയാം. കാൻസർ കോശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പടരാൻ തുടങ്ങുമ്പോൾ തന്നെ അതിന്റെ ലക്ഷണങ്ങൾ കണ്ണുകളിലും പ്രത്യക്ഷപ്പെടാം. കണ്ണിലുണ്ടാകുന്ന കുരുക്കളും ചെറിയ മുറിവുകളുമൊക്കെ കാൻസർ കോശങ്ങൾ കണ്ണുകളിലേക്ക് വ്യാപിച്ചതിന്റെ ലക്ഷണങ്ങളാകാം. കൂടാതെ കാഴ്ച മങ്ങുകയും കണ്ണുകൾക്ക് വേദന അനുഭവപ്പെടുകയും കണ്ണിലെ കരുകരുപ്പുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാകാം.
പ്രമേഹംകാഴ്ച കുറയുന്നത് കണ്ണിന് സാധാരണയുണ്ടാകുന്ന ഒരു അസുഖമണെങ്കിലും ഇത് ചിലരിൽ ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടും ഉണ്ടാകാറുണ്ട്. വിട്ടുമാറാത്തതും ഉയർന്ന അളവിലുമുള്ള രക്തത്തിലെ പഞ്ചസാര രക്തക്കുഴലുകളിൽ സമ്മർദ്ദം ചെലുത്തുകയും ഇത് കാഴ്ച്ചക്കുറവിന് കാരണമാകുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം ഉയർന്നാൽ അടിയന്തര ശ്രദ്ധ ആവശ്യമാണ്.
റെറ്റിനയ്ക്കുണ്ടാകുന്ന തകരാറുകൾ
കണ്ണിൽ ഇരുണ്ടതോ ചാരനിറത്തിലുള്ളതോ ആയ പാടുകള്‍ കാണപ്പെടുന്നത് ഇതിന്റെ ലക്ഷണമാകാം. എന്നാൽ പെട്ടെന്ന് കൂടുതൽ പാടുകൾ കാണാൻ തുടങ്ങുന്നത് റെറ്റിനയ്ക്ക് തകരാർ സംഭവിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. കാലക്രമേണ ഇത് നിങ്ങളുടെ കണ്ണുകൾക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.
മഞ്ഞപ്പിത്തം
ശരീരത്തിലെ അമിതമായ ബിലിറൂബിൻ മൂലമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്.കണ്ണിൽ നോക്കി മഞ്ഞപ്പിത്തം ഉണ്ടോയെന്നും കണ്ടെത്താം. മഞ്ഞപ്പിത്തമുള്ളവരിൽ കണ്ണിലെ വെളുത്ത ഭാഗം മഞ്ഞ നിറമായി മാറും. ഇത് മഞ്ഞപ്പിത്തം ഉണ്ടെന്നതിന്റെ പ്രധാന സൂചനയാണ്.
ഉയർന്ന കൊളസ്ട്രോൾ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണവിധേയമല്ലെങ്കിൽ അത് ക്രമേണ കണ്ണുകളിൽ അടിഞ്ഞുകൂടും. കൊളസ്‌ട്രോളിന്റെ അളവ് കൂടുതലുള്ളവരിൽ ഐറിസിന് ചുറ്റും വെള്ള, ചാര നിറം അല്ലെങ്കിൽ നീല നിറത്തിലുള്ള വളയങ്ങൾ രൂപപ്പെട്ടേക്കാം. പ്രായമാകുന്നവരുടെ കണ്ണുകളിൽ ഇത്തരം വളയം രൂപപ്പെടാറുണ്ടെങ്കിലും ഇത്തരത്തിൽ ഐറിസിന് ചുറ്റും വളയം രൂപപ്പെടാനുള്ള മറ്റൊരു കാരണം ഉയർന്ന കൊളസ്ട്രോൾ ആണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുക.
അണുബാധ
നിങ്ങളുടെ കോർണിയയിലുണ്ടാകുന്ന വെളുത്ത പാട് കോർണിയ അണുബാധയുടെ ലക്ഷണമാകാം. സാധാരണയായി കണ്ണടയ്ക്ക് പകരം കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്ന ആളുകൾക്ക് ഇത്തരം അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ബാക്ടീരിയയോ ഫംഗസോ ഉള്ള ലെൻസുകൾ വയ്ക്കുന്നത് ഇതിന് കാരണമാകാം. ഈ ലക്ഷണങ്ങൾക്ക് ഉടൻ ചികിത്സ ആരംഭിച്ചില്ലെങ്കിൽ കോർണിയയിൽ പാടുകളുണ്ടാകാനും വേദനയ്ക്കും കാരണമാകും.
















