ടെൻഷൻ അഥവാ സമ്മർദം ഉണ്ടാകുമ്പോൾ വാരിവലിച്ച് ഭക്ഷണം കഴിക്കുന്നവരുണ്ട്. സ്ട്രെസ് ഈറ്റിങ്ങ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് സമ്മർദ്ദ നേരങ്ങളിൽ ചിലർക്ക് ആശ്വാസമായിരിക്കാം. മാനസികസമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ ഒരു വിനോദമെന്ന നിലക്കാണ് ഇത്തരക്കാർ ഭക്ഷണം കഴിക്കുന്നതിനെ കാണുന്നത്. എന്നാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതാണ്.
അത്ര നിസാരമാക്കേണ്ട ഈ ശീലം. ആരോഗ്യത്തെ മാത്രമല്ല, നമ്മുടെ വികാരങ്ങളെയും പ്രവർത്തനശേഷിയെയും പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ അവസ്ഥ തന്നെയാണ് ഈറ്റിങ്ങ് ഡിസോർഡർ. ഈറ്റിങ്ങ് ഡിസോർഡർ ഉള്ളവർക്ക് മധുരം, കൊഴുപ്പ്, ഉപ്പ് എന്നിവ അധികമായി അടങ്ങിയ ഭക്ഷണം, അനാരോഗ്യകരമായ ഭക്ഷണം, കലോറി അധികമായി അടങ്ങിയ ഭക്ഷണം എന്നിവയിലേക്കെല്ലാം ആകര്‍ഷണം കൂടുതലായിരിക്കും.
ടെൻഷനടിക്കുമ്പോൾ വളരെയധിക വിശപ്പും അനുഭവപ്പെടും. ചിലർക്ക് മധുരത്തോടാകാം. ചിലർക്ക് ഉപ്പിനോടാകാം. സമ്മർദമുണ്ടാകുമ്പോൾ ശരീരത്തിൽ നിന്ന് ധാരാളം മഗ്നീഷ്യം നഷ്ടപ്പെടുന്നുണ്ട്. ധാതുക്കളിലുണ്ടാകുന്ന കുറവു മൂലമാണ് സമ്മർദനേരങ്ങളിൽ ഇങ്ങനെ വിശപ്പ് അനുഭവപ്പെടുന്നത്. പച്ചക്കറികളിൽ, പ്രത്യേകിച്ച് ഇലക്കറികളിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ആവശ്യത്തിന് ധാതുക്കൾ ഇല്ലെങ്കിൽ നിങ്ങൾ കഴിക്കുന്ന വിറ്റാമിനുകൾ പോലും ശരീരത്തിൽ പിടിക്കില്ല. ധാതുക്കളുടെ കുറവു മൂലമാണ് ഉപ്പിനോട് കൊതി തോന്നുന്നത്. മൈദ പോലുള്ളവയും മധുരം അടങ്ങിയ ഭക്ഷണങ്ങളും കൂടുതൽ കഴിക്കുന്നവർക്ക് അതിനോടും കൊതി തോന്നും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുക, വ്യായാമം ചെയ്യുക, യോഗ, ധ്യാനം എന്നിവ പരിശീലിക്കുക, ശ്വസന വ്യായാമങ്ങൾ ചെയ്യുക എന്നീ കാര്യങ്ങളെല്ലാം മാനസിക സമ്മര്‍ദ്ദം മൂലം അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തെ ഇല്ലാതാക്കാന്‍ സഹായിക്കും. സ്വയം വിശകലനം ചെയ്‌ത് ആവശ്യമെങ്കിൽ വിദഗ്ധനായ ഒരു ആരോഗ്യ വിദഗ്ധനെ അല്ലെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുക.
















