കോഴിക്കോട്: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം, ശ്രീലങ്കയിലെ പ്രശ്നങ്ങൾ, വേനൽമഴ, സർവോപരി ഇന്ധന വിലക്കയറ്റം- വിപണിയിലെ വിലവർധനക്ക് കാരണങ്ങൾ പലതാണ് പറയുന്നതെങ്കിലും സാധാരണക്കാരന് ഇത് വറുതിക്കാലം. വിഷു, റമദാൻ, ഈസ്റ്റർ കാലത്ത് ചുരുക്കം ചില പച്ചക്കറികൾക്കൊഴികെ ജില്ലയിലും വില കുതിക്കുകയാണ്. അന്യായമായി വിലവർധിപ്പിക്കരുതെന്ന് അഭ്യർഥിച്ചതല്ലാതെ ജില്ല ഭരണകൂടം കർശന ഇടപെടൽ നടത്തുന്നില്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നു നിർദേശമുണ്ടെങ്കിലും വലിയ സൂപ്പർമാർക്കറ്റുകൾ വരെ ഇക്കാര്യം അവഗണിക്കുകയാണ്. കോവിഡിൻറെ ഒന്നും രണ്ടും തരംഗമുണ്ടായിരുന്ന വിഷുക്കാലത്ത് തീവില പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനുമുമ്പ് സർക്കാർ കിറ്റുകൾ നൽകുകയും പൊതുവിപണിയിൽ ശക്തമായി ഇടപെടുകയും ചെയ്തിരുന്നു.
നിലവിൽ മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ പലതും കിട്ടുന്നില്ല. വിപണിയിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു കിലോക്ക് 36 രൂപയുണ്ടായിരുന്ന കുറുവ അരിക്ക് ഇപ്പോൾ 42 രൂപയായി. ഇന്ധന വിലവർധന കാരണം ഇനിയും വില കുതിക്കുമെന്നാണ് വിപണിയിൽനിന്നുള്ള സൂചന. റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിൻറൽ കണക്കിന് അരിയാണ് വിപണിയിൽ വിറ്റുപോകുന്നത്.
















