ന്യൂയോർക്: യു.എസിൽ സബ് വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ സൺസെറ്റ് പാർക്ക് സ്റ്റേഷനിലാണ് വെടിവെപ്പുണ്ടായതെന്നും ഇവിടെനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തെന്നും അധികൃതർ പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല.
13 പേരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സ്റ്റേഷനിൽനിന്ന് പുക ഉയരുന്നതു കണ്ടതെന്നും പിന്നാലെ വെടിയൊച്ച കേട്ടെന്നും അഗ്നിരക്ഷാ വിഭാഗം പറഞ്ഞു.
അഞ്ചു പേർക്ക് വെടിയേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ അറിവായതെന്നും ഇതിലൊരാളുടെ നില ഗുരുതരമാണെന്നും പൊലീസ് അധികൃതർ പറഞ്ഞു. ഗ്യാസ് മാസ്ക് വെച്ച ഒരാൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെന്നും അക്രമത്തിനു പിന്നിൽ ഇയാളാണെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.
















