ഇറാൻ യുദ്ധത്തിനു ശേഷം പശ്ചിമേഷ്യയിൽ നിന്ന് മടങ്ങുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്ത് ഇറങ്ങിയേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ ഫ്ലോറിഡയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ്, അയൽരാജ്യമായ ക്യൂബയിൽ നേരിട്ട് സൈനിക ഇടപെടൽ നടത്തിയേക്കുമെന്ന സൂചന അദ്ദേഹം നൽകിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സദസ്സിൽ നിന്ന് ക്യൂബയെക്കുറിച്ച് ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഈ വിഷയം വീണ്ടും ഉയർത്തിയത്. നമ്മൾ അവിടെ ചെറുതായൊന്ന് ഇറങ്ങും’ – ട്രംപ് പറഞ്ഞു. ‘ശരിക്കും ക്യൂബയുടെ കാര്യത്തിൽ നമ്മൾ ചെയ്യാൻ പോകുന്നത് ഇതാണ്: ഇറാന്റെ കാര്യം തീർത്ത് നമ്മൾ തിരിച്ചുവരും. നമ്മുടെ ആ പ്രൗഢഗംഭീരമായ കപ്പലുകൾ ക്യൂബൻ തീരത്തുകൂടെ കടന്നുപോകും. അതിലൊന്ന് അവരുടെ തീരത്ത് നിന്ന് കഷ്ടിച്ച് 50 വാര അകലെയായി നമ്മൾ നിർത്തിയിടും. അവർ കൈകളുയർത്തി കീഴടങ്ങും. പിന്നാലെ കാര്യങ്ങൾ രമ്യമായി അവസാനിപ്പിക്കാൻ നമ്മൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അങ്ങോട്ട് അയക്കും.’ – ട്രംപ് പറഞ്ഞു.
റാലിയിലെ ട്രംപിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ, ക്യൂബയിൽ ഇടപെടാൻ ‘ഇതാണ് പറ്റിയ സമയം’ എന്ന് റൂബിയോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘സിഐഎയുമായി രഹസ്യ സഹകരണത്തിലേർപ്പെട്ട് നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണം’ എന്ന് അദ്ദേഹം ക്യൂബൻ ജനതയോട് ആഹ്വാനം ചെയ്തു.















