ഇന്ത്യയിൽ പുകവലി മൂലം രാജ്യത്ത് പ്രതിവർഷം ഒരു മില്യണിലധികം ആളുകൾ മരിക്കുന്നുണ്ട്. പ്രായമായവരിൽ 34.6 ശതമാനം പേരും പുകവലിക്കാരാണെന്നും കണക്കാക്കപ്പെടുന്നു. കാൻസർ, ഹൃദ്രോഗം തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ നാലാമത്തെ പ്രധാന കാരണമാണ് പുകവലി. ഇന്ത്യയിലെ മൊത്തം മരണങ്ങളിൽ 53 ശതമാനത്തിനും ഇതാണ് കാരണമാകുന്നു.
കാൻസർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ മുതലായവ പുകവലി മൂലമുണ്ടാകുന്നതാണ് എന്നറിയാമെങ്കിലും പുകവലി കണ്ണുകളെയും ബാധിക്കുന്നു. കാഴ്ച നഷ്ടപ്പെടാൻ ഇത് കാരണമാകും. സിഗരറ്റിൽനിന്നുള്ള പുകയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ കണ്ണുൾപ്പെടെ ശരീരത്തിലുടനീളം എത്തുമെന്ന് വിദഗ്ധരുടെ അഭിപ്രായം.
”പുകവലി കണ്ണുകളുടെ വരൾച്ച, തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ഒപ്റ്റിക് നാഡി പ്രശ്നങ്ങൾ തുടങ്ങിയ വിവിധ തരത്തിലുള്ള നേത്ര പ്രശ്നങ്ങൾക്ക് കാരണമാകും. ശരിയായ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നതിലേക്കും നയിക്കാം. സിഗരറ്റിൽനിന്നും പുറത്തു വരുന്ന പുക കണ്ണുകൾക്ക് ചുറ്റുമുള്ള ടിഷ്യുകളെ ബാധിക്കുകയും കൺപോളകളുടെ അസ്വസ്ഥതയ്ക്കും കണ്ണിന് താഴെയുള്ള വീക്കത്തിനും കാരണമാകും,” എന്നാണ് വിദഗ്ദർ പറയുന്നത്.

പുകവലി നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുക: പുകവലി നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുക എന്നതാണ് ആദ്യം ശീലമാക്കേണ്ടത്. പുകവലിക്കുന്ന വ്യക്തിക്ക് മാത്രമല്ല, ചുറ്റുമുള്ളവരുടെയും കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും.
അതുപോലെ കണ്ണുകളുടെ ആരോഗ്യത്തിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ സി, ഇ, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകൾ മുതലായവ അടങ്ങിയ ഭക്ഷണക്രമം കണ്ണുകൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത കുറക്കും.
പുകവലി കൂടാതെ, മറ്റ് ചില പ്രവൃത്തികളും കണ്ണുകൾക്ക് കേടുപാടുകൾ ഉണ്ടാക്കും. ദീർഘനേരം സ്‌ക്രീനിലേക്ക് നോക്കുന്നത്. ടിവി, സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ മിക്ക സ്‌ക്രീനുകളും നീല വെളിച്ചം പുറപ്പെടുവിക്കുന്നു, ഇത് കണ്ണുകൾക്ക് ഹാനികരമാണ്. സ്‌ക്രീൻ സമയം കുറയ്ക്കുകയും കണ്ണുകൾക്കുള്ള വ്യായാമം പതിവായി ചെയ്യുകയും വേണം.കണ്ണുകളുടെ സംരക്ഷണത്തിന് പതിവ് നേത്ര പരിശോധന പ്രധാനമാണ്.
















