തുടക്കം മുതൽ ഒടുക്കം വരെ ആവേശ ഉജ്വലം, മികച്ച രീതിയിൽ എങ്ങനെ ഒരു സമ്മേളനം നടത്താം എന്നതിന്റെ ഉത്തമ ഉദാഹരണം ,അതായിരുന്നു ഇന്നലെ കണ്ണൂരിൽ സമാപിച്ച 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇത് വൻ വിജയമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടിക്ക് പോലും ഇങ്ങനെ ഒരു സമ്മേളനം നടത്താൻ കഴിയില്ല എന്ന കാര്യം ഉറപ്പാണ്. ഇതുപോലൊരു സമ്മേളനം നടത്താൻ മറ്റു പാർട്ടിക്കാർ പോലും ആഗ്രഹിക്കുന്ന അവസ്ഥ. അതായിരുന്നു കണ്ണൂരിൽ ഇന്നലെ സമാപിച്ച 23 പാർട്ടി കോൺഗ്രസിന്റെ വിജയം. ഇനി കാണാനിരിക്കുന്നത് സി.പി.എമ്മിന്റെ പുതിയ ‘മുഖ’മായിരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വവും വ്യക്തമാക്കി കഴിഞ്ഞു.
ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ്സും സി.പി.എം പൂര്‍ത്തിയാക്കുന്നത്. ഇതോടെ രാജ്യത്ത് തന്നെ ഏറ്റവും കൃത്യമായി സംഘടനാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച ഏക പാര്‍ട്ടി എന്ന പദവിയും സി.പി.എം സ്വന്തമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അഭിനന്ദനത്തിനും സി.പി.എമ്മിനു ലഭിക്കേണ്ടതുണ്ട്. .
പോളിറ്റ് ബ്യുറോയിലും കേന്ദ്ര കമ്മിറ്റിയിലും പുതിയ മുഖങ്ങൾ,തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ വരെ പങ്കെടുത്ത് ആത്മവിശ്വാസവും ആവേശോജലവുമായ പ്രസംഗം നടത്തിയ സമ്മേളനം ,ദേശീയ – സംസ്ഥാന വിഷയങ്ങള്‍ ഉൾപ്പടെ അന്തര്‍ദേശീയ സംഭവങ്ങൾ വരെ ചർച്ചയായ പാര്‍ട്ടി കോണ്‍ഗ്രസ്സ്, നിരവധി പ്രമേയങ്ങളും തുറന്ന ചർച്ചകളും അംഗീകരിച്ച സമ്മേളനം, ശെരിക്കും പറഞ്ഞാൽ വളരെ അച്ചടക്കപരമായ ചർച്ചകൾ നടത്തി അനുകൂല നിലപാട് എടുത്തതിൽ പാർട്ടി നേതൃത്വവും സന്തോഷത്തിലാണ്.പുതിയ കാലത്ത് പാര്‍ട്ടി മുന്നോട്ട് വയ്‌ക്കേണ്ട ആശയങ്ങള്‍ മുതല്‍ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ അടക്കം ചൂണ്ടിക്കാട്ടി സ്വയം വിമര്‍ശനത്തോടെയായിരുന്നു പ്രതിനിധികള്‍ ചർച്ചകൾ നടത്തിയത് എന്നതും ശ്രെധേയം.
ഇടതുപക്ഷ കൂട്ടായ്മയില്‍ നിന്നും പുറത്ത് നില്‍ക്കുന്ന കമ്യൂണിസ്റ്റു പാര്‍ട്ടികളെയും ഒപ്പം കൂട്ടാനാണ് സമ്മേളന തീരുമാനം. ദേശീയ തലത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ കൂട്ടായ പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ ആണ് സി.പി.എം ലക്ഷ്യം വെയ്ക്കുന്നത്. അങ്ങനെ ആയാൽ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു ദേശീയ തലത്തിൽ വിജയിക്കാൻ കഴിയും. വിവിധ വിഷയങ്ങളിൽ പ്രാദേശിക തലത്തിലും ദേശീയ തലത്തിലും പ്രതിഷേധങ്ങൾ ഉയർത്താൻ സി.പി.എം നിലപാടെടുത്തു കഴിഞ്ഞു.
മഹാരാഷ്ട്രയിലെ ബി.ജെ.പി ഭരണം വീഴ്ത്തുന്നതില്‍ സി.പി.എം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ നടത്തിയ പ്രക്ഷോഭം വലിയ പങ്കാണ് വഹിച്ചിരുന്നത്. സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ള കര്‍ഷക സമൂഹം നടത്തിയ പോരാട്ടം അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പടെ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.ജനരോഷം സര്‍ക്കാറിനെതിരെയാക്കുന്നതിൽ തിരിച്ചു വിടുന്നതില്‍ വിജയിച്ചെങ്കിലും സി.പി.എമ്മിന് മഹാരാഷ്ട്രയിലുണ്ടായിരുന്ന സംഘടനാപരമായ ‘പരിമിതി കൊണ്ട് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടു തന്നെ ബിജെപിക്കെതിരെ എന്തെങ്കിലും പ്രതിഷേധം നടത്തുമ്പോൾ അതിന്റെ പ്രധാന നേട്ടം സി.പി.എമ്മിനു ലഭിക്കുന്ന തരത്തിൽ അതിനു അനുസരിച്ച് പാര്‍ട്ടി സംവിധാനം സജ്ജമാക്കാനുള്ള ആശയമാണ് പ്രതിനിധികള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ശക്തരായ എതിരാളികള്‍ ഇല്ല എന്നതാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിനെ വിറപ്പിച്ച ഡല്‍ഹിയിലെ കര്‍ഷക സമരവും ഇതിനു സമാനമാണ്. അടുത്തയിടെ നടന്ന ഈ കര്‍ഷക സമരം മുതല്‍ ദേശീയ തലത്തിലും പ്രാദേശിക തലത്തിലുമായി നിരവധി പ്രക്ഷോഭങ്ങളാണ് സി.പി.എമ്മും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകളും നടത്തിയിരിക്കുന്നത്. പഞ്ചാബ് ഭരണം കോണ്‍ഗ്രസ്സിനു നഷ്ടമായതിനു പിന്നിലും യു.പിയില്‍ സമാജ് വാദി പാര്‍ട്ടിക്ക് വന്‍ തോതില്‍ സീറ്റുകള്‍ വര്‍ദ്ധിച്ചതിനു പിന്നിലും കര്‍ഷക സമരം വഹിച്ച പങ്ക് വളരെ വലുതാണ്.
അധികാരം ഉണ്ടെങ്കിലും ഇല്ലങ്കിലും പോരാട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഈ നിലപാടാണ് അഴിമതിയും അധികാരവും ലക്ഷ്യമിടുന്ന ദേശീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമാകുന്നത്. അവരെ സംബന്ധിച്ച് പാര്‍ലമെന്ററി രാഷ്ട്രീയവും ഒരു ‘പോരാട്ട’ മേഖല മാത്രമാണ് .
ഒരിക്കലും അധികാരത്തില്‍ വരാതിരുന്ന തമിഴ് നാട്ടിലും തെലങ്കാനയിലും പോലും സി.പി.എം നടത്തിയ പോരാട്ട ചരിത്രങ്ങൾ വളരെ വലുതാണ്. ആ ചരിത്ര വസ്തുതകള്‍ സി.പി.എമ്മിനു എന്നും മുതൽക്കൂട്ടാണ്. എത്ര സംസ്ഥാനങ്ങളില്‍ ഭരണമുണ്ട് എന്നതിനേക്കാൾ ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തു എന്നതാണ് മുഖ്യം. അതുകൊണ്ടു തന്നെ ഇന്നും അഭിമാനത്തോടെ ആവേശത്തോടെ ആധുനികമായി തന്നെ ഇടപെടല്‍ നടത്തി നിലനില്‍ക്കാവുന്ന പാര്‍ട്ടിയാണ് സി.പി.എം.ഫാസിസ്റ്റ് പ്രവണതയുള്ള വർഗീയ ആധിപത്യത്തെ ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യും എന്ന സീതാറാം യെച്ചൂരിയുടെ വാക്കുകൾ പ്രവർത്തികമാകും.