വൈപ്പിന്‍കര മുരിക്കന്‍പാടത്താണ് എംസി ജോസഫൈന്റെ ജനനം. അച്ഛന്‍ എം.എ.ചവരോ, അമ്മ മഗ്ദലേന. പ്രാഥമിക പഠനം മുരിക്കന്‍പാടം സെന്റ് മേരിസ് എല്‍പിഎസില്‍. ഓച്ചംതുരുത്ത് സാന്റാക്രൂസ് ഹൈസ്‌കൂളില്‍നിന്നും പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി. പ്രീഡിഗ്രി, ഡിഗ്രി പഠനം ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിലും ബിരുദാനന്തരപഠനം എറണാകുളം മഹാരാജാസ് കോളെജിലും ആയിരുന്നു. പഠനകാലത്തൊന്നും ജോസഫൈന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നില്ല. എങ്കിലും വിമോചന സമരം മനസില്‍ സ്വാധീനം സൃഷ്ടിച്ചിരുന്നു. മതചട്ടക്കൂടിനെ വെല്ലുവിളിച്ചായിരുന്നു വിവാഹം. പുരോഗമനവാദികളായ കോണ്‍ഗ്രസുകാര്‍ എം.എ.ജോണിന്റെ നേതൃത്വത്തില്‍ പരിവര്‍ത്തനവാദികളായി പ്രവര്‍ത്തിക്കുന്ന കാലം. ഭര്‍ത്താവ് പി.എ.മത്തായിയും പരിവര്‍ത്തനവാദി കോണ്‍ഗ്രസിലായിരുന്നു.
എംഎ പാസായതിനു ശേഷം കുട്ടിക്കാനത്ത് സഭാ വക സ്‌കൂളില്‍ ടീച്ചറായി. പിന്നീട് ആ ജോലി അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിയശേഷം സുഹൃത്തിനോടൊന്നിച്ച് പാലരല്‍ കോളജ് ആരംഭിച്ചു. കോളജില്‍ വന്നു പോകുന്ന ചില സുഹൃത്തുക്കളുടെ രാഷ്ട്രീയ ബന്ധം കാരണം പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് കോളജ് പൂട്ടി. 1976ലായിരുന്നു എംസി ജോസഫൈന്റെ വിവാഹം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ജോസഫൈൻ പൊതുരംഗത്തേക്കിറങ്ങുന്നത്. വിവാഹിതയായി എത്തിയ അങ്കമാലിയായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രം. 1978ല്‍ ജോസഫൈന്‍ സിപിഐഎം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചില്‍ അംഗമായി.
വനിതകള്‍ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവര്‍ത്തനത്തിലേക്ക് കടന്നുവരാന്‍ കുടുംബപരവും സാമൂഹ്യവുമായ ഒത്തിരി എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന അക്കാലത്ത് ജോസഫൈന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായി മാറി. അവിടന്നങ്ങോട്ട് അങ്കമാലിയിലെ മാത്രമല്ല ജില്ലയിലെയാകെ കമ്മ്യൂണിസ്റ്റ് പാർട്ടി യോഗങ്ങളില്‍ ജോസഫൈന്റെ പ്രസംഗം ആവേശമായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോട് വിദ്യാര്‍ഥിയായിരിക്കെ കൂറുപുലര്‍ത്തിയ ജോസഫൈനെയും മത്തായിയെയും സിപിഎമ്മിന്റെ പ്രധാന പ്രവര്‍ത്തകരാക്കാന്‍ മുന്‍കൈയെടുത്തത് പരേതനായ മുന്‍ സ്പീക്കര്‍ എ.പി.കുര്യനാണ്. കെഎസ്വൈഎഫിന്റെ ബ്ലോക്കുതല പ്രവര്‍ത്തകയായി യുവജനമേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെഎസ്വൈഎഫിന്റെ സംസ്ഥാന കമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതകള്‍ എന്ന ബഹുമതി പി.കെ.ശ്രീമതിക്കും ജോസഫൈനുമാണ്.
1978ല്‍ തലശ്ശേരിയില്‍ നടന്ന കെഎസ്വൈഎഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായി. 1978മുതല്‍ മഹിളാ സംഘടനയുടെ ഭാഗമായി. പിന്നീട് പാര്‍ട്ടി മുഴുവന്‍ സമയപ്രവര്‍ത്തകയാകാന്‍ ആവശ്യപ്പെട്ടപ്പോഴും മഹിളാ അസോസിയേഷന്‍ തന്നെയായിരുന്നു പ്രധാന പ്രവര്‍ത്തനമേഖല. സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. 1987ല്‍ സംസ്ഥാന കമ്മറ്റിയിലേക്കും 2003ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയിലേക്കും എത്തി. നിലപാടുകള്‍ക്ക് കാരിരുമ്പിന്‍റെ കരുത്തുള്ള നേതാവായിരുന്നു എംസി ജോസഫൈന്‍. വിമര്‍ശനങ്ങളെ ഭയക്കാതെ നിലപാടുകളില്‍ ഉറച്ചു നിന്ന വ്യക്തിത്വം. നിലപാടുകളിലെ ആ സ്ഥൈര്യം തന്നെയാണ് വൈപ്പിന്‍കരയില്‍ നിന്ന് സിപിഎമ്മിന്‍റെ കേന്ദ്രകമ്മിറ്റിയിൽ വരെ ജോസഫൈനെ എത്തിച്ചത്.
വിമര്‍ശനങ്ങളില്‍ പതറാത്ത നിലപാടിന്‍റെ കരുത്തുള്ള സഖാവിനെയാണ് എംസി ജോസഫൈന്‍ വിട പറയുമ്പോള്‍ ഇടതുപ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുന്നത്. ആണ്‍പോരിമയുടെ രാഷ്ട്രീയലോകത്തില്‍ തന്‍റേടം കൊണ്ട് തന്‍റേതായൊരിടം കണ്ടെത്തിയ നേതാവ്. വൈപ്പിന്‍കരയുടെ പോരാട്ടവീര്യമായിരുന്നു എംസി ജോസഫൈന്‍റെ രാഷ്ട്രീയം. തന്‍റെ നിലപാടുകള്‍ തുറന്ന് പറയാന്‍ ജോസഫൈന്‍ മടിച്ചിട്ടില്ല. നിലപാടുകളിലെ സ്ഥൈര്യം, ഇടമുറിയാതെ വാക്കുകള്‍ ഒഴുകിയെത്തുന്ന പ്രസംഗ ശൈലി. എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള പഠനം. ഒരു കമ്യൂണിസ്റ്റ് നേതാവിന് വേണ്ട ഗുണഗണങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നു ഇവര്‍ക്ക്. ജോസഫൈന് ജീവിതം തന്നെ പാര്‍ട്ടിയായിരുന്നുവെന്ന് ആ മരണവും അടിവരയിടുന്നു.
ഒരു കാലത്ത് വിഎസ് അച്യുതനന്ദന്‍റെ മുന്നണിപ്പോരാളിയായിരുന്നു ജോസഫൈന്‍. പക്ഷേ അപ്പോഴും പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങള്‍ക്കപ്പുറം പോയിട്ടില്ല ജോസഫൈന്‍റെ നിലപാടുകള്‍. കാരണം പാര്‍ട്ടിയോളം വലുതല്ല ജോസഫൈന് മറ്റൊന്നും. വിമര്‍ശനങ്ങളില്‍ തലകുനിക്കാത്ത കാരിരുമ്പിന്‍റെ കരുത്തുള്ള നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവിനെയാണ് ഈ സമ്മേളന കാലത്ത് സിപിഎമ്മിന് നഷ്ടമായത്.
ഇന്നലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു ജോസഫൈൻ. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. എ.കെ.ജി ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി നേതാക്കള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. പിന്നീട് സ്വദേശമായ അങ്കമാലിയിലേക്ക് കൊണ്ടുപോയി. നാളെ അങ്കമാലി ഏരിയ കമ്മിറ്റി ഓഫിസിലും സി.എസ്.എ ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കൽ കോളജിന് കൈമാറും.