കൊല്ലം: കൊട്ടാരക്കര കൊക്കാട് മനോജ് വധക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊക്കാട് സ്വദേശികളായ അനിമോൻ, സജി എന്നിവരാണ് പിടിയിലായത്. സജിയെ 2016 ൽ മനോജിന്റെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സജിയെ എറണാകുളത്ത് നിന്നും അനിമോനെ ഇടമണിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
കുന്നിക്കോട്ട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് മനോജിന് (39) വെട്ടേറ്റത്. വെട്ടേറ്റ നിലയില്‍ വെള്ളിയാഴ്ച രാത്രി കോക്കാട് റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
കഴുത്തിനും വെട്ടേറ്റ് നിലയിലായിരുന്നു. കൈവിരലുകളും വെട്ടി മാറ്റിയിട്ടുണ്ടായിരുന്നു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോണ്‍ഗ്രസ് (ബി) ഉന്നയിച്ചത്. മനോജിനെ കൊന്നത് കോണ്‍ഗ്രസുകാരെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം എല്‍ എയും ആരോപിച്ചിരുന്നു.

















