തിരുവനന്തപുരം: കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണ് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദേശം ലംഘിക്കേണ്ടി വന്നതെന്ന് കോൺഗ്രസ് നേതാവ് കെ.വി.തോമസ്. ഭീഷണി കോൺഗ്രസ് ശൈലിയല്ല. കെ.സുധാകരൻ കോൺഗ്രസുകാരനായത് ഇപ്പോഴാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
തന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട. നടപടിയെടുക്കേണ്ടത് ഇവിടെയല്ല, കോണ്‍ഗ്രസ് പ്രസിഡന്റാണെന്നും കെ.വി തോമസ് തിരുവനന്തപുരത്ത് പറഞ്ഞു.
താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. സെമിനാറില്‍ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാവുന്നില്ല. കെ.റെയിലിന് കൈപൊക്കിയ ആളല്ല ഞാന്‍. എന്നാല്‍ അന്ധമായി ഒന്നിനേയും എതിര്‍ക്കാന്‍ പാടില്ല. ഭരിക്കുന്നത് ആരെന്ന് നോക്കി വികസനത്തെ തടയുന്നത് ശരിയല്ലെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.
ഇതിനിടെ സെമിനാറില്‍ പങ്കെടുത്തതില്‍ കെ.വി തോമസിനെതിരേ നടപടിയെടുക്കണമെന്ന് കെ.പി.സി.സി സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച നോട്ടീസ് അയച്ച് കെ.വി തോമസിനോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കെപിസിസി എന്ത് ശുപാർശ നൽകിയാലും അംഗീകരിക്കുമെന്നാണ് ഹൈക്കമാൻഡ് നിലപാട്. പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം നേതാക്കളും, താക്കീതും സസ്പെപെൻഷനുമെന്ന ഫോർമുല മറുവിഭാഗവും ഉന്നയിക്കുന്നുണ്ട്. എ കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നിലപാട് കൂടി തേടിയ ശേഷമാകും അന്തിമ തീരുമാനം.

















