കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല. ഹാജരാകാൻ അസൗകര്യം അറിയിച്ച് കാവ്യ മറുപടി നൽകി. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നാണാവശ്യം.
നാളെ ചോദ്യം ചെയ്യാനായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ തീരുമാനം. ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
നിലവിൽ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്‌റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ ആണ് കാവ്യയുടെ സൗകര്യം തേടിയത്. കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാർ അടക്കം ഉള്ളവരുടെ മൊഴികൾ.
കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപിന്റെയും സുരാജിന്റെയും ഫോണുകളില്‍ നിന്നു ലഭിച്ച ശബ്ദരേഖകള്‍ ആസൂത്രിതമാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകള്‍ ക്രൈബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറി.

















