തൃശൂര്‍: തൃശൂരില്‍ പട്ടാപ്പകല്‍ റോഡരികിലിട്ട് അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. കുട്ടനും (60) ഭാര്യ ചന്ദ്രികയുമാണ് (55) മരിച്ചത്. കൃത്യത്തിന് പിന്നാലെ മകൻ ഒളിവിൽ പോയി. അനീഷിനായി (30) പൊലീസ് തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ ഒന്‍പതരയോടെ ഇഞ്ചക്കുണ്ടിലാണ് സംഭവം നടന്നത്. വീടിന് വെളിയില്‍ പുല്ലു ചെത്തുകയായിരുന്നു കുട്ടനും ഭാര്യയും. ഈസമയത്ത് വെട്ടുകത്തിയുമായി വന്ന അനീഷ് ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നു.
സംഭവ ശേഷം വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അനീഷ് തന്നെയാണ് കൊലപാതകവിവരം അറിയിച്ചത്. അതിനിടെ സംഭവം കണ്ട വഴിയാത്രക്കാരും പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്നും ബൈക്ക് എടുത്ത് അനീഷ് രക്ഷപ്പെടുകയും ചെയ്തു. ഒളിവില്‍ പോയ പ്രതി അനീഷിനായി തെരച്ചില്‍ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

















